ജോ ബൈഡന്റെ സേവനങ്ങൾക്ക് നന്ദി പറഞ്ഞ് കമല ഹാരിസ്; ‘രാജ്യത്തിനായി ബൈഡൻ നടത്തിയ പോരാട്ടത്തിന് ഞാൻ സാക്ഷി’;

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും ജോ ബൈഡൻ പിന്മാറുന്ന വിവരം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ട് വൈസ് പ്രസിഡന്റ് കമല ഹാരിസ്. 2023-2024 സീസണിലെ നാഷണൽ കൊളീജിയറ്റ് അത്‌ലറ്റിക് അസോസിയേഷൻ ചാമ്പ്യൻഷിപ്പ് ടീമുകളുടെ വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കമല ഹാരിസ്. ബൈഡൻ രാജ്യത്തിന് വേണ്ടി നടത്തിയ പോരാട്ടത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രാജ്യസ്നേഹത്തെ കുറിച്ചും വൈസ് പ്രസിഡന്റ് വാചാലയായി.

“ജോ ബൈഡൻ്റെ കഴിഞ്ഞ മൂന്ന് വർഷത്തെ നേട്ടങ്ങളുടെ പാരമ്പര്യം ആധുനിക ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്,” അവർ പറഞ്ഞു.

“ഞാൻ ആദ്യമായി പ്രസിഡൻ്റ് ബൈഡനെ അറിയുന്നത് അദ്ദേഹത്തിൻ്റെ മകൻ ബ്യൂവിലൂടെയാണ്, ഞങ്ങൾ ഒരേസമയം ഞങ്ങളുടെ സംസ്ഥാനങ്ങളിൽ അറ്റോർണി ജനറലായി പ്രവർത്തിച്ചവരാണ്,” കമല ഹാരിസ് പറഞ്ഞു.

“അന്ന്, ബ്യൂ പലപ്പോഴും അവൻ്റെ അച്ഛനെക്കുറിച്ചുള്ള കഥകൾ എന്നോട് പറയുമായിരുന്നു. ജോ എങ്ങനെയുള്ള പിതാവാണെന്നും എങ്ങനെയുള്ള മനുഷ്യനാണെന്നും അദ്ദേഹം എന്നോട് പറയുമായിരുന്നു. ബ്യൂ തൻ്റെ പിതാവിൽ ബഹുമാനിച്ചിരുന്ന ഗുണങ്ങൾ നമ്മുടെ പ്രസിഡൻ്റിൽ ഞാൻ ദിവസവും കണ്ട അതേ കാര്യങ്ങളാണ്. അദ്ദേഹ സത്യസന്ധത, കുടുംബത്തോടുള്ള പ്രതിബദ്ധത, വിശാല ഹൃദയം, സ്നേഹം. അത്ര തന്നെ അഗാധമായിരുന്നു രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹം. ഓരോ ദിവസവും നമ്മുടെ പ്രസിഡൻ്റ് ജോ ബൈഡൻ അമേരിക്കൻ ജനതയ്ക്കുവേണ്ടി പോരാടുന്നുവെന്നതിന് ഞാൻ സാക്ഷിയാണ്. നമ്മുടെ രാജ്യത്തിന് അദ്ദേഹം നൽകിയ സേവനത്തിന് അങ്ങേയറ്റം നന്ദിയുണ്ട്,” കമല ഹാരിസ് പറഞ്ഞു.

ബൈഡന് ഇന്ന് നടന്ന ചടങ്ങിൽ പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു എന്നും എന്നാൽ മൂന്നാം തവണയും കോവിഡ് ബാധിച്ച അദ്ദേഹം വേഗത്തിൽ രോഗമുക്തനായിക്കൊണ്ടിരിക്കുകയാണ് എന്നും കമല ഹാരിസ് പറഞ്ഞു.

More Stories from this section

family-dental
witywide