
ന്യൂഡല്‍ഹി: സ്വന്തം സര്‍ക്കാരിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 10 വര്‍ഷമായി തന്റെ സര്‍ക്കാര്‍ ‘മെഗാ അഴിമതികളില്‍’ നിന്ന് മുക്തമായാണ് രാജ്യം ഭരിച്ചതെന്ന് മോദി പറഞ്ഞു.
ദേശീയ തലസ്ഥാനമായ ഭാരത് മണ്ഡപത്തില്‍ ഈവര്‍ഷത്തെ ബിജെപിയുടെ ദേശീയ കണ്‍വെന്‍ഷന്റെ രണ്ടാം ദിനത്തില്‍ ബിജെപി നേതാക്കളോട് സംസാരിക്കവെയാണ് മോദി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്. പ്രതിപക്ഷ നേതാക്കളും ഇത്തവണ എന്‍ഡിഎയ്ക്ക് 400 സീറ്റുകള്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വികസിത ഭാരതമെന്ന സ്വപ്‌നത്തിലേക്കുള്ള യാത്രയില്‍ അടുത്ത അഞ്ച് വര്‍ഷം പ്രധാന പങ്ക് വഹിക്കുമെന്ന് പറഞ്ഞ അദ്ദേഹം അടുത്ത അഞ്ച് വര്‍ഷത്തിനിടെ നമുക്ക് ഒരു കുതിച്ചുചാട്ടം നടത്തേണ്ടതുണ്ടെന്നും പറഞ്ഞു. വന്‍കിട കുംഭകോണങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും ഭയത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിച്ചെന്ന് രാജ്യം മുഴുവന്‍ വിശ്വസിക്കുന്നു. പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചെന്നും കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി പറഞ്ഞു.
2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ് മാത്രമായിരുന്നു കഴിഞ്ഞ 10 വര്‍ഷമായി സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ‘പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ധൈര്യം കാണിച്ചു. ഉദാഹരണത്തിന്, അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിലൂടെ, അഞ്ച് നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഞങ്ങള്‍ അറുതിവരുത്തി. അത് കര്‍താര്‍പൂര്‍ ഇടനാഴി തുറക്കുന്നതാകട്ടെ, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും, അല്ലെങ്കില്‍ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കല്‍… ഈ മാറ്റങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏറെക്കാലമായി കാത്തിരുന്നതാണ്. രാഷ്ട്രങ്ങള്‍ അവരുടെ ചരിത്രവും സംസ്‌കാരവും ഉള്‍ക്കൊണ്ട് അവരുടെ ഭാവി രൂപപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷം നിരവധി തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ബിജെപിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഇന്ത്യയെ വികസിപ്പിക്കുമെന്ന വാഗ്ദാനത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മൂന്നാം തവണയും അധികാരം ആസ്വദിക്കാന്‍ വേണ്ടിയല്ല ഞാന്‍ ആവശ്യപ്പെടുന്നത്. എന്റെ വീടിനെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍ കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ഞാന്‍ വീട് പണിതു കൊടുക്കില്ലായിരുന്നു. പാവപ്പെട്ട കുട്ടികളുടെ ഭാവിക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്. ”അദ്ദേഹം പറഞ്ഞു.
ബി.ജെ.പി പ്രവര്‍ത്തകര്‍ രാജ്യസേവനത്തിനായി 24 മണിക്കൂറും എന്തെങ്കിലും ചെയ്യുന്നു. എന്നാല്‍, അടുത്ത 100 ദിവസം പുത്തന്‍ ഊര്‍ജ്ജത്തോടെയും വിശ്വാസത്തോടെയും പ്രവര്‍ത്തിക്കണം. ഇക്കാലയളവില്‍ നാം ഓരോ പുതിയ വോട്ടര്‍മാരിലേക്കും എത്തേണ്ടതുണ്ട്. എല്ലാവരുടേയും വിശ്വാസം ഉറപ്പുവരുത്തണം. എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം സീറ്റ് ബി.ജെ.പിക്ക് ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.















