
തൃശൂരിൽ വീട്ടിൽ ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനോഷ് വെന്റിലേറ്റർ മുക്തനായി. കുട്ടിയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടായതിനെത്തുടർന്ന് ശരീരത്തിലുണ്ടായിരുന്ന ട്യൂബുകളെല്ലാം നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. വെന്റിലേറ്ററിൽ നിന്ന് മാറ്റിയ അനോഷ് അച്ഛനോടും അമ്മയോടും സംസാരിക്കുകയും മറ്റ് കുടുംബാംഗങ്ങളുമായി വീഡിയോ കോളിലൂടെ ആശയവിനിമയം നടത്തുകയും ചെയ്തു. കുട്ടിയെ എഴുന്നേൽപ്പിച്ച് നിർത്തിയതായും മരുന്നുകളോട് അനോഷ് മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ പത്തൊൻപതാം തീയതി പുലർച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം ഉണ്ടായത്. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന അനോഷിനും എട്ടുവയസ്സുകാരനായ സഹോദരൻ ആൽജോയ്ക്കും തലയിണയ്ക്കകത്തുണ്ടായിരുന്ന പാമ്പിന്റെ കടിയേൽക്കുകയായിരുന്നു. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുട്ടികളെ കടിച്ചത്. പാമ്പ് കടിയേറ്റ ഉടനെ ആൽജോയുടെ നില വഷളാവുകയും ആശുപത്രിയിലെത്തിച്ച് മിനിറ്റുകൾക്കകം മരണം സംഭവിക്കുകയുമായിരുന്നു. ആൽജോയുടെ വിയോഗത്തിന്റെ വേദനയിൽ കഴിയുന്ന കുടുംബത്തിന് അനോഷിന്റെ തിരിച്ചുവരവ് വലിയ ആശ്വാസമാണ് പകരുന്നത്.
ആൽജോയുടെ മരണം പാമ്പ് കടിയേറ്റത് മൂലമാണെന്ന് തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയാണെന്ന തരത്തിലുള്ള പ്രാഥമിക പോലീസ് റിപ്പോർട്ടുകളെ തള്ളുന്നതാണ് ഫോറൻസിക് സർജന്റെ കണ്ടെത്തൽ. കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായപ്പോൾ ഭക്ഷണത്തിന്റെ പ്രശ്നമാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. എന്നാൽ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം പുറത്തറിഞ്ഞത്. അനോഷ് അപകടനില തരണം ചെയ്തതോടെ നാടൊന്നാകെ ആശ്വാസത്തിലാണ്.
Thrissur snakebite case: Anosh taken off ventilator as health improves; speaks to parents after brother’s tragic loss












