
ന്യൂഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഗാന്ധികുടുംബത്തിലെ ഇളമുറക്കാരി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയാണ്. സഹോദരൻ രാഹുൽ ഗാന്ധിയുടെ ഒഴിവിൽ വയനാട്ടിൽ നിന്ന് മത്സരിച്ച് ജയിക്കാനാണ് പ്രിയങ്ക ഗാന്ധി എത്തുന്നത്. വയനാട്ടിൽ മത്സരിക്കാൻ തനിക്ക് ഒട്ടും പരിഭ്രമമില്ലെന്നും തന്റെ കഴിവിന്റെ പരമാവധി വയനാട്ടിലെ ജനങ്ങൾക്കു വേണ്ടി ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു.
വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിൻ്റെ (രാഹുൽ ഗാന്ധിയുടെ) അഭാവം അവരെ അനുഭവിക്കാൻ അനുവദിക്കില്ലെന്ന് മാത്രമേ ഞാൻ ഇപ്പോൾ പറയുന്നുള്ളൂ. ഇടയ്ക്കിടെ വരുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഞാൻ കഠിനമായി പ്രവർത്തിക്കും. എല്ലാവരേയും സന്തോഷിപ്പിക്കാൻ ശ്രമിക്കും,” പ്രിയങ്ക പറഞ്ഞു.
വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തിന് നന്ദി പറഞ്ഞ രാഹുൽ ഗാന്ധി, അവർക്ക് ഇനി രണ്ട് പാർലമെൻ്റംഗങ്ങൾ ഉണ്ടാകുമെന്നും പറഞ്ഞു. ഇത് കടുത്ത തീരുമാനമെന്നും പ്രിയങ്ക വയനാട്ടിൽ നിന്ന് മത്സരിക്കുമെന്നും എന്നാൽ താൻ പതിവ് സന്ദർശകനാണെന്നും വയനാട്ടിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2019 മുതൽ തുടങ്ങിയതാണ് പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ നിന്ന് മത്സരിച്ച് ബിജെപിക്കെതിരായ പോരാട്ടം നയിക്കുമെന്ന് കോൺഗ്രസിലെ പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും അത് നടന്നില്ല.














