‘നിങ്ങൾക്ക് പറ്റില്ലെങ്കിൽ ഞങ്ങൾ നടപ്പാക്കും’; കോസ്റ്റ് ഗാര്‍ഡ് കേസില്‍ കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡൽഹി: വനിതാ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ നൽകുന്ന വിഷയത്തിൽ കേന്ദ്രത്തിന് അന്ത്യശാസനം നൽകിയ സുപ്രീം കോടതി. സ്ത്രീകളെ ഒഴിവാക്കാനാവില്ലെന്നും നിങ്ങൾ അത് ചെയ്തില്ലെങ്കിൽ ഞങ്ങൾ അത് ചെയ്യും എന്നും കോടതി പറഞ്ഞു. കോസ്റ്റ് ഗാര്‍ഡിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലുള്ള യോഗ്യരായ വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവി നല്‍കണമെന്നാവശ്യപ്പെട്ട് പ്രിയങ്കാ ത്യാഗി എന്ന ഉദ്യോഗസ്ഥ നല്‍കിയ ഹര്‍ജിയിലാണ്‌ സുപ്രീംകോടതിയുടെ പരാമര്‍ശം.

സാങ്കേതികത പറഞ്ഞുള്ള വാദങ്ങള്‍ 2024-ലും നിലനില്‍ക്കില്ലെന്നും വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കേന്ദ്രത്തിന് വേണ്ടി വാദിച്ച അറ്റോണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ആവശ്യപ്പെട്ടു. കോസ്റ്റ് ഗാര്‍ഡിനോട് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്‍. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. മാര്‍ച്ച് ഒന്നിന് വീണ്ടും കേസില്‍ വാദം കേള്‍ക്കും.

നാവികസേനയടക്കം സ്ഥിരം കമ്മിഷന്‍ അനുവദിക്കുമ്പോള്‍ കോസ്റ്റ് ഗാര്‍ഡ് എന്തുകൊണ്ടാണ് പിന്നാക്കം പോകുന്നതെന്ന് നേരത്തെ കേസില്‍ വാദം കേട്ടപ്പോള്‍ സുപ്രീംകോടതി ചോദിച്ചിരുന്നു. കരസേനയില്‍നിന്നും നാവികസേനയില്‍നിന്നും വ്യത്യസ്തമാണ് കോസ്റ്റ് ഗാര്‍ഡെന്നായിരുന്നു അറ്റോണി ജനറലിന്റെ മറുപടി.

More Stories from this section

family-dental
witywide