ജയിക്കാൻ രണ്ടും രണ്ടും നാല് കാരണങ്ങൾ, ഇംഗ്ലണ്ടിന്‍റെ ബാസ്ബോൾ വീര്യവും ഏശിയില്ല; ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം

വിശാഖപട്ടണം: വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 106 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന വിജയം. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യ ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി(1-1). കളിയുടെ നാലാംദിവസം ഏറ്റവും പ്രധാനമായി 4 കാരണങ്ങളാണ് ഇന്ത്യയുടെ തകർപ്പൻ വിജയത്തിന് തുണയായത്. ഇംഗ്ലണ്ടിനെ വട്ടം കറക്കിയ അശ്വിന്‍റെ സ്പിൻ, തീപാറും ബൗളിംഗുമായി കളം നിറഞ്ഞ ബുംമ്രയാണ് മറ്റൊരു കാരണം. ഇംഗ്ലണ്ടിനെ ചതിച്ചതാകട്ടെ മുൻ നായകൻ റൂട്ടിന്‍റെ അമിതാവേശവും നായകൻ സ്റ്റോക്സിന്‍റെ അലസതയുമാണ്.

399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാലാം ദിനം തന്നെ 292 റണ്‍സിന് ഓള്‍ ഔട്ടായി ഇന്ത്യക്ക് വിജയം സമ്മാനിക്കുകയായിരുന്നു. 78 റണ്‍സെടുത്ത സാക്ക് ക്രോളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ജസ്പ്രീത് ബുമ്രയും ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ ഇന്ത്യ 396, 255, ഇംഗ്ലണ്ട് 255, 292. പരമ്പരയിലെ മൂന്നാം ടെസ്റ്റ് 15 ന് രാജ്കോട്ടില്‍ തുടങ്ങും.

അതേസമയം 399 റണ്‍സ് വിജയലക്ഷ്യം ബാറ്റിംഗ് കരുത്തും ബാസ്ബോള്‍ ശൈലിയും കണക്കിലെടുക്കുമ്പോള്‍ ഇംഗ്ലണ്ടിന് അത്ര വലിയ വിജയലക്ഷ്യമായിരുനനില്ല. നാലാം ദിനം 67 ന് 1 എന്ന നിലയിൽ കളത്തിലത്തിയ ഇംഗ്ലണ്ടിന്‍റെ തന്ത്രം ആദ്യ ഓവറുകളിൽ നടപ്പിലായിരുന്നു. നൈറ്റ് വാച്ച്മാനായ റെഹാന്‍ അഹമ്മദ് തകര്‍ത്തടിച്ചു. സാക്ക് ക്രോളി ഒരറ്റത്ത് നിലയുറപ്പിച്ചു. തുടര്‍ ബൗണ്ടറികളുമായി റെഹാന്‍ അഹമ്മദ് തന്‍റെ റോള്‍ ഭംഗിയാക്കുമ്പോഴാണ് അക്സര്‍ രക്ഷക്കെത്തിയത്. താണുവന്ന പന്തില്‍ റെഹാന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും തകര്‍ത്തടിക്കാനുള്ള മൂഡില്‍ തന്നെയായിരുന്നു പിന്നീട് വന്നവരെല്ലാം. സ്വീപ്പും റിവേഴ്സ് സ്വീപ്പും കളിച്ച് തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി അതിവേഗം സ്കോര്‍ ചെയ്ത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയ ഒലി പോപ്പിനെ സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈകകളിലെത്തിച്ച അശ്വിനാണ് ഇംഗ്ലണ്ടിന്‍റെ ബാസ്ബോളില്‍ വലിയ തുളയിട്ടത്. അശ്വിന്‍റെ പന്തിനൊപ്പം തന്നെ രോഹിത്തിന്‍റെ മനോഹര ക്യാച്ചിനും ഇന്ത്യ നന്ദിപറയണം. എന്നാല്‍ പിന്നീടെത്തിയ ജോ റൂട്ടിന്‍റെ അമിതാവേശമാണ് ഇംഗ്ലണ്ടിന് ശരിക്കും തിരിച്ചടിയായത്. ആദ്യ പന്തില്‍ തന്നെ അശ്വിനെ റിവേഴ്സ് സ്വീപ്പ് ചെയ്ത് ബൗണ്ടറി നേടി റൂട്ട് നയം വ്യക്തമാക്കി. പിന്നീട് അക്സറിനെ സിക്സിനും ഫോറിനും പറത്തി അതിവേഗം 10 പന്തില്‍ 16 റണ്‍സെടുത്ത് ഇന്ത്യൻ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടിയ റൂട്ടിനെ ഒടുവില്‍ അശ്വിന്‍ തന്നെ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ അക്സറിന്‍റെ കൈകളിലെത്തിച്ച് ആവേശം അടക്കി.

ലഞ്ചിന് തൊട്ടു മുമ്പ് കുല്‍ദീപ് യാദവ് സാക്ക് ക്രോളിയെയും ജസ്പ്രീത് ബുമ്ര ജോണി ബെയര്‍സ്റ്റോയെയും വീഴ്ത്തിയെങ്കിലും ഇംഗ്ലണ്ടിന്‍റെ വിജയപ്രതീക്ഷ ശരിക്കും അവസാനിച്ചത് ബെന്‍ സ്റ്റോക്സിന്‍റെ റണ്ണൗട്ടിലൂടെയായിരുന്നു. അനായാസ സിംഗിളായിരുന്നിട്ടും അലസതയോടെ ഓടിയെ സ്റ്റോക്സിനെ ശ്രേയസ് അയ്യര്‍ റണ്ണൗട്ടാക്കിയതാണ് കളിയില്‍ ശരിക്കും വഴിത്തിരിവായത്. ഏത് സാഹചര്യത്തില്‍ മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കാന്‍ കഴിവുളള സ്റ്റോക്സ് വാലറ്റക്കാര്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്നെങ്കില്‍ പോലും ഇന്ത്യക്ക് വലിയ ഭീഷണിയാകുമായിരുന്നു.

India wins against England in test cricket

Also Read