കൊച്ചി: ഇന്ദിരാഗാന്ധിയെ ‘ഭാരത മാതാവ്’ എന്നും അന്തരിച്ച മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരനെയും ഇ.കെ നായനാരെയും ‘രാഷ്ട്രീയ ഗുരുക്കള്‍’ എന്നുമാണ് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി ഇന്നലെ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ പറഞ്ഞതില്‍ അധിക വിശദീകരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം ഇന്ന്.
ബി.ജെ.പിയിലെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ, ഇന്ദിരാഗാന്ധി കോണ്‍ഗ്രസിന്റെ മാതാവാണെന്നാണ് താന്‍ ഇന്നലെ പറഞ്ഞതെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമാണ് സുരേഷ് ഗോപി ഞായറാഴ്ച നല്‍കിയ വിശദീകരണം.
സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ, ”ഇന്നലെ ഉപയോഗിച്ച പ്രയോഗത്തില്‍ തെറ്റുപറ്റിയിട്ടില്ല എന്ന് അടിയുറച്ച് വിശ്വസിക്കുന്നു. ഞാനെന്താണ് പറഞ്ഞത്?… കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം
കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ്. ഭാരതം എന്ന് പറയുമ്പോള്‍ മാതാവാണ് ഇന്ദിരാഗാന്ധി. ഇത് ഹൃദയത്തില്‍ വെച്ചുകൊണ്ടാണ് ഞാന്‍ സംസാരിച്ചത്. അല്ലാതെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും രാഷ്ട്രമാതാവ് ഇന്ദിരാഗാന്ധിയും എന്ന വ്യംഗ്യം പോലും ഞാന്‍ പറഞ്ഞ വാക്കുകളില്‍ ഇല്ല- ഇതായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം.
കരുണാകരന്റെ പൂങ്കുന്നത്തെ മുരളി മന്ദിരം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇന്നലെ സുരേഷ് ഗോപി ഇന്ദിരാഗാന്ധിയെ ‘ഭാരതത്തിന്റെ മാതാവ്’ ആയി കാണുമ്പോള്‍, കരുണാകരനും നായനാരും തനിക്ക് രാഷ്ട്രീയ ഗുരുക്കളാണെന്ന് പറഞ്ഞത്. ഇത് വലിയ ചര്‍ച്ചയായതോടെയാണ് താന്‍ ഉദ്ദേശിച്ചത് ‘അങ്ങനെയല്ല, ഇങ്ങനെയാണ് അങ്ങനെയാണ്’ എന്ന തിരുത്തല്‍. കരുണാകരനെ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചത് ആരോടും കാണിക്കുന്ന അനാദരവല്ലെന്നും സുരേഷ് ഗോപി വിശദീകരക്കുന്നു. കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത ശേഷം കേരളത്തിലെത്തിയ സുരേഷ് ഗോപി മാധ്യമ വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന കൂടിക്കാഴ്ചകളും സന്ദര്‍ശനങ്ങളുമാണ് പലയിടങ്ങളിലും നടത്തുന്നത്.