കേന്ദ്ര സർക്കാരിനെ വെട്ടിലാക്കി ‘കോക്രോച്ച് ജനതാ പാർട്ടി’; എക്‌സ് അക്കൗണ്ട് റദ്ദാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയിൽ, ‘രാഷ്ട്രീയ പരിഹാസങ്ങളെ ഭരണകൂടത്തിന് സഹിക്കാൻ കഴിയുന്നില്ല’

ഡൽഹി: സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ അഭിജീത് ദീപ്കെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ദേശീയ സുരക്ഷയെ മുൻനിർത്തിയാണ് അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകളോട്’ ഉപമിച്ചുവെന്ന രീതിയിൽ പ്രചരിച്ച പരാമർശത്തിന് പിന്നാലെയായിരുന്നു ഈ പരിഹാസ കൂട്ടായ്മ രൂപംകൊണ്ടത്. എന്നാൽ വ്യാജ ബിരുദങ്ങൾ നേടുന്നവരെയായിരുന്നു ഉദ്ദേശിച്ചതെന്ന് പിന്നീട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തന്നെയാണ് ‘സിജെപി’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡായ ഈ കൂട്ടായ്മ അഭിജീത് ദീപ്കെ ആരംഭിച്ചത്.

തൊഴിലില്ലായ്മ, നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ തുടങ്ങി വിവിധ വിഷയങ്ങളെ രാഷ്ട്രീയ പരിഹാസങ്ങളിലൂടെ അവതരിപ്പിച്ചുകൊണ്ട് കൂട്ടായ്മ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. പിന്നാലെ ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐടി ആക്ട് സെക്ഷൻ 69(A) പ്രകാരം കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് അക്കൗണ്ട് നീക്കം ചെയ്യാൻ ഉത്തരവിടുകയായിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

രാഷ്ട്രീയ പരിഹാസങ്ങളെ ഭരണകൂടത്തിന് സഹിക്കാൻ കഴിയാത്ത അവസ്ഥയാണിതെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഹർജിയിൽ അഭിജീത് ദീപ്കെ ആരോപിക്കുന്നു. എക്‌സ് അക്കൗണ്ടിനൊപ്പം സംഘടനയുടെ വെബ്‌സൈറ്റും ഇൻസ്റ്റഗ്രാം പേജും തടഞ്ഞതായും ഹാക്കർമാരുടെ ആക്രമണം നേരിട്ടതായും ബോസ്റ്റണിൽ താമസിക്കുന്ന അഭിജീത് ദീപ്കെ ഹർജിയിൽ വ്യക്തമാക്കുന്നു.

അതേസമയം, കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രചാരണത്തിനെതിരായ മറ്റൊരു ഹർജി പരിഗണിക്കുന്നതിനിടെ ഇത്തരം വിഷയങ്ങളെ അതിരുകടന്ന വികാരത്തോടെ കാണേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. പത്ത് ലക്ഷത്തോളം പേർ സിജെപിയുടെ വെബ്‌സൈറ്റിൽ അംഗങ്ങളായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് സംഘടനയ്ക്ക് ഉണ്ടായിരുന്നുവെന്നും അഭിജീത് ദീപ്കെ അവകാശപ്പെടുന്നു. കേസ് ഉടൻ തന്നെ ഡൽഹി ഹൈക്കോടതി പരിഗണിക്കുമെന്നാണ് സൂചന.

More Stories from this section

family-dental
witywide