ലക്ഷ്യം ആഡംബര ജീവിതം, കയ്യില്‍ ഒന്നര ലക്ഷത്തിന്‍റെ ഫോണ്‍! ഒടുവിൽ ഇന്‍സ്റ്റഗ്രാം താരം മുബീന മോഷണ കേസിൽ അറസ്റ്റിൽ

കൊല്ലം: ആഡംബര ജീവിതം നയിക്കാനായി സ്വർണം മോഷ്ടിച്ച ഇൻസ്റ്റ​ഗ്രാം താരം പിടിയിൽ. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ഭർതൃസഹോദരിയുടേയും സുഹൃത്തിന്റേയും വീട്ടിൽ നിന്ന് 17 പവൻ സ്വർണമാണ് മുബീന മോഷ്ടിച്ചത്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപ്തംബറിലാണ് മുബീനയുടെ ഭർതൃസഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടിൽ നിന്ന് സ്വർണം മോഷണം പോകുന്നത്. ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകൾ എന്നിവയാണ് കാണാതായത്. ഒക്ടോബര്‍ പത്തിനാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചു. ദൃശ്യങ്ങളിൽ മുബീന സെപ്റ്റംബർ 30ന് രാവിലെ പത്ത് മണിയോടെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്നതായി കണ്ടു. അതിന് ശേഷം ഒക്ടോബര്‍ പത്ത് വരെ പുറത്തുള്ള മാറ്റാരും വീട്ടിൽ വന്നില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് മനസിലായി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ ജനുവരിയിൽ മുബീനയുടെ സുഹൃത്ത് അമാനിയും സമാനമായ മറ്റൊരു മോഷണ പരാതി ചിതറ സ്റ്റേഷനിൽ തന്നെ നൽകിയിരുന്നു. ഇവരുടെ വീട്ടിൽ നിന്നും സ്വർണം മോഷണം പോയിരുന്നു. രണ്ടാമത്തെ പരാതി കൂടി കിട്ടിയതോടെ മുബീനയെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് അടുത്തിടെയാണ് വിദേശത്ത് പോയത്. സാമ്പത്തികമായി അത്ര നല്ല നിലയിൽ അല്ലാതിരുന്നിട്ടും മുബീന ആഡംബര ജീവിതമാണ് നടത്തുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ മനസിലായി. മുബീനയുടെ കയ്യിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപയുടെ ഫോണായിരുന്നു.

തുടര്‍ന്ന് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും, ആദ്യ ഘട്ടത്തിൽ മോഷണം നടത്തിയെന്ന് താനാണെന്ന് സമ്മതിച്ചില്ല. തുടർന്ന് പൊലീസ് തെളിവുകൾ നിരത്തിയതോടെ രണ്ട് മോഷണവും നടത്തിയത് താനാണെന്ന് മുബീന സമ്മതിച്ചു. ആഡംബര ജീവിതം നയിക്കാനാണ് മോഷണം നടത്തിയതെന്നും മുബീന പൊലീസിനോട് പറഞ്ഞു. മോഷണം പോയവയിൽ കുറച്ച് സ്വർണ്ണവും പണവും പോലീസ് മുബീനയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

More Stories from this section

family-dental
witywide