
കോതമംഗലം പോലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ പോലീസ് പുതിയ കേസെടുത്തു. ഐടി ആക്ട് പ്രകാരമാണ് കോതമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മെയ് 3-ന് കോതമംഗലത്തെ ഒരു റിസോർട്ടിൽ വെച്ച് കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെ അർജുൻ ആയങ്കിയെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള വ്യക്തിവൈരാഗ്യമാണ് സിഐക്കെതിരെയുള്ള ഭീഷണിക്ക് പിന്നിൽ. ‘കാക്കിയിട്ട ചെന്നായ്ക്കളെ നിയമപരമായും പോലീസ് ബുദ്ധിയിൽ നിയമത്തിന്റെ കണ്ണിപൊട്ടിച്ച് രക്ഷപ്പെട്ടാൽ കായികപരമായും നേരിടാൻ ഞങ്ങൾ തയ്യാറാണ്’ എന്നും നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ലെന്നും കുറിപ്പിൽ ആയങ്കി ഭീഷണി മുഴക്കുന്നു.
തന്നെയും സുഹൃത്തുക്കളെയും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതിലൂടെ തങ്ങളുടെ ജീവിതം തകർത്തുവെന്നും ഇതിന് സിഐ അനുഭവിക്കുമെന്നുമാണ് അർജുൻ ആയങ്കിയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. പോലീസിനെതിരെ അതിരൂക്ഷമായ അധിക്ഷേപങ്ങളും ഭീഷണികളും നിറഞ്ഞ കത്താണ് പോസ്റ്റായി പങ്കുവെച്ചിരിക്കുന്നത്. തങ്ങളുടെ വാഹനങ്ങൾ പോലീസ് മനഃപൂർവ്വം സ്റ്റേഷൻ കോമ്പൗണ്ടിൽ ഇടിപ്പിച്ചു നശിപ്പിച്ചുവെന്നും കള്ളക്കേസുകളുടെ പേമാരി പെയ്താലും സിഐക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. ‘A1 Crime Number 665/2026’ എന്ന തലക്കെട്ടോടെ പങ്കുവെച്ച ഈ കുറിപ്പ് ചർച്ചയായതിന് പിന്നാലെയാണ് പോലീസ് അടിയന്തര നടപടി സ്വീകരിച്ചത്.
New case registered against Arjun Ayanki for open threat and abuse against Kothamangalam CI












