
അയോധ്യ ഭൂമി തര്‍ക്കക്കേസില്‍ വിധി പറഞ്ഞ അഞ്ച് സുപ്രിം കോടതി ജഡ്ജിമാര്‍ക്ക് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, അശോക് ഭൂഷണ്‍,എസ്.എ അബ്ദുല്‍ നസീര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്. ക്ഷേത്ര ട്രസ്റ്റാണ് അഞ്ചുപേരും എത്തണമെന്ന് അറിയിച്ചത്. ജനുവരി 22 ന് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന അതിഥികളായാണ് ക്ഷണം.
134 വര്‍ഷത്തെ നിയമപോരാട്ടത്തിന് വിരാമമിട്ടുകൊണ്ടാണ് നാലു വര്‍ഷം മുന്‍പ് അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുവാന്‍ സുപ്രീം കോടതി വിധി വന്നത്. ബാബറി മസ്ജിദ് സ്ഥിതി ചെയ്ത ഭൂമി രാമക്ഷേത്രം ഉണ്ടാക്കാന്‍ വിട്ടുനല്‍കാനും കര്‍സേവകര്‍ തകര്‍ത്ത പള്ളിക്ക് പകരം മറ്റൊരു ഭൂമിയില്‍ പള്ളി പണിയാനുമായിരുന്നു പരമോന്നത കോടതിയുടെ വിധി. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്ന് ബെഞ്ച് ഏകകണ്ഠമായി വിധിക്കുകയായിരുന്നു.
അതേസമയം 1992 വരെ ഭൂമിയില്‍ സ്ഥിതി ചെയ്തിരുന്ന ബാബറി മസ്ജിദ് കര്‍സേവകര്‍ പൊളിച്ചുമാറ്റിയത് നിയമവിരുദ്ധമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. സുന്നി വഖഫ് ബോര്‍ഡിനു പള്ളിപണിയാന്‍ നഗരത്തില്‍ത്തന്നെ അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു. അയോധ്യ ഭൂമിതര്‍ക്കക്കേസില്‍ വിധി പറഞ്ഞ ജഡ്ജിമാരെ കൂടാതെ മുന്‍ ചീഫ് ജസ്റ്റിസുമാര്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍ തുടങ്ങിയ 50 ഓളം പേരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, മുന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്.















