ഇസ്രയേലിനോട് നേരിട്ട് ഏറ്റുമുട്ടാൻ തീരുമാനിച്ച് ഇറാൻ. ഇസ്രായേലിലേക്ക് വ്യോമാക്രമണം തുടങ്ങിക്കൊണ്ടാണ് ഇറാൻ നേരിട്ടുള്ള ഏറ്റുമുട്ടാലിലേക്ക് കടന്നത്. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവിവിൽ ഇറാൻ മിസൈലുകള്‍ തൊടുത്തതായി ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. ജനങ്ങളെയെല്ലാം ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയതായും ഐഡിഎഫ് സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചു. ഇസ്രയേലിലുടനീളം മുന്നറിയിപ്പിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇതോടെ ലോകം യുദ്ധ ഭീതിയിൽ ആയിട്ടുണ്ട്.
ഇറാൻ 100 -ലധികം മിസൈലുകൾ തൊടുത്തതായാണ് റിപ്പോർട്ട്. ഇതിനിടെ ടെൽ അവീവിലെ ജാഫയിൽ വെടിവെപ്പ് ഉണ്ടായി. റെയിൽവേ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്. രണ്ടുപേരാണ് വെടിയുതിർത്തത്. നാല് പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. ഇറാന് ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്.