ന്യൂഡല്‍ഹി: കമലാ ഹാരിസ് അല്ലെങ്കില്‍ ഡോണള്‍ഡ് ട്രംപ്? ആരാകും അമേരിക്കയെ അടുത്ത നാലുവര്‍ഷം നയിക്കുക എന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ ഇനി നീണ്ട കാരിപ്പിന്റെ ആവശ്യമില്ല. എങ്കിലും പ്രവചനങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, ചരിത്രകാരനും ഗ്രന്ഥകാരനും വോട്ടെടുപ്പ് പ്രവചനങ്ങളുടെ ട്രാക്ക് റെക്കോര്‍ഡുള്ള അപൂര്‍വ രാഷ്ട്രീയ പ്രവചകനുമായ അലന്‍ ലിച്ച്മാന്‍ എന്ന 77 കാരന്‍ ഉറപ്പിച്ചു പറയുന്നത് കമലയുടെ പേരാണ്.
കമല ചരിത്രം കുറിക്കുകയും ആദ്യത്തെ വനിതാ പ്രസിഡന്റും, ആഫ്രിക്കന്‍, ഏഷ്യന്‍ വംശജരുടെ ആദ്യ പ്രസിഡന്റും ആകാന്‍ പോകുന്നുവെന്നാണ് അലന്‍ ലിച്ച്മാന്‍ വ്യക്തമാക്കുന്നത്. 1984 മുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലെയും വിജയിയെ പ്രവചിച്ച അദ്ദേഹത്തിന്റെ മാതൃക വളരെ കൃത്യമായിരുന്നു. അഭിപ്രായ വോട്ടെടുപ്പുകള്‍ക്ക് പ്രവചന മൂല്യമില്ലെന്നും അവയൊന്നും കൃത്യമല്ലെന്നും അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു.