
തിരുവനന്തപുരം: കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ കാലതാമസമില്ലെന്ന് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് മെയ് 23 വരെ ഭരണഘടന സമയമനുവദിക്കുന്നുണ്ടെന്ന് ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഒരു ഏകാധിപത്യ സംഘടനയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അന്തിമ തീരുമാനത്തിലേക്ക് എത്തുന്നതിന് മുൻപ് എല്ലാ ഘടകകക്ഷികളുമായും നേതാക്കളുമായും കൂടിയാലോചനകൾ നടത്തേണ്ടതുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ പരിഗണിക്കുന്നതും ഒന്നിലധികം അവകാശവാദങ്ങൾ ചർച്ച ചെയ്യുന്നതും ജനാധിപത്യ രീതിയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
“ഇത്രയധികം യോഗ്യരായ നേതാക്കൾ ഉള്ളപ്പോൾ പാർട്ടി എല്ലാവരുമായും ചർച്ച നടത്തുന്നതിൽ എന്താണ് തെറ്റ്? അതിൽ ഒരു തെറ്റുമില്ല. ജനാധിപത്യ മര്യാദകൾ അനുസരിച്ച് ഞങ്ങൾ യോഗം ചേരുകയാണ്. ചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവി മന്ത്രിസഭയുടെ രൂപീകരണവും മന്ത്രിമാരുടെ നിയമനവും പാർട്ടി നേതൃത്വം സംയുക്തമായി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ വൈകുന്നതിനെതിരെയുള്ള സി.പി.ഐ.എമ്മിൻ്റെ വിമർശനങ്ങൾക്ക് ചാണ്ടി ഉമ്മൻ മറുപടി നൽകി.
കഴിഞ്ഞ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം വന്ന് 18 ദിവസങ്ങൾക്ക് ശേഷമാണ് ഇടതുമുന്നണി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി മികച്ച വിജയമാണ് കൈവരിച്ചത്. എന്നാൽ കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങി ഒന്നിലധികം മുതിർന്ന നേതാക്കൾ മുഖ്യമന്ത്രി പദവിയിലേക്ക് പരിഗണിക്കപ്പെടുന്നതിനാലാണ് നിലവിൽ പാർട്ടിയിൽ ആഭ്യന്തര ചർച്ചകൾ തുടരുന്നത്. അതേസമയം, തീരുമാനം വൈകാതെയുണ്ടാകുമെന്നാണ് തീരുമാനം.
There is time till May 23 to decide on the Chief Minister; Chandy Oommen says there is no delay in Congress















