
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥാനാർഥി നിർണയം ഉൾപ്പെടെ മുൻനിർത്തി വിവിധ സ്ക്രീനിങ് കമ്മിറ്റികൾ പ്രഖ്യാപിച്ച് കോൺഗ്രസ്. സംസ്ഥാനങ്ങളെ 5 മേഖലകളായി തിരിച്ചാണ് സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം, ചർച്ചകൾ എല്ലാം വേഗത്തിലാക്കാനാണ് കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി രൂപീകരിച്ചത്.
കേരളത്തിന്റെ ചുമതലയുള്ള സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷനായി ഹരീഷ് ചൗധരിയെ നിയമിച്ചു. ജിഗ്‌നേഷ് മേവാനി ഉൾപ്പെടെ മറ്റു രണ്ടു പേരും സമിതിയിലുണ്ട്. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ലക്ഷദ്വീപ്, പുതുച്ചേരി അടങ്ങുന്നതാണ് ഒന്നാം മേഖല. ഹരീഷ് ചൗധരി ചെയർമാനായ സ്ക്രീനിങ് കമ്മിറ്റിയിൽ ജിഗ്നേഷ് മേവാനി, വിശ്വജിത്ത് കഥം എന്നിവരാണ് അംഗങ്ങൾ.
ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഒഡീഷ, ആൻഡമാൻ നിക്കോബാർ എന്നിവയുൾപ്പെടെ രണ്ടാം ക്ലസ്റ്ററിന്റെ ചുതലയുള്ള സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രിയാണ്. സൂരജ് ഹെഗ്ഡെ, കേരളത്തിൽ നിന്നുള്ള ഷാഫി പറമ്പിൽ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പോഷക സംഘടനകളെ കോൺഗ്രസ് പുനഃസംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് അൽക്ക ലാംബയെ നിയമിച്ചു. ഹരിയാനയിലെ മൗലാന എംഎൽഎ വരുൺ ചൗധരിയെ എന്‍എസ്യുഐ ദേശീയ അധ്യക്ഷനാക്കി. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് 255 സീറ്റുകളിലാണ്.









