ട്രംപിന്‍റെ ഗ്രീൻ കാർഡ് പ്രഖ്യാപനത്തിന് പിന്നിൽ മലയാളി; റിപ്പബ്ലിക്കൻ പാർട്ടി തിരഞ്ഞെടുപ്പ് ഉപദേശകൻ സ്റ്റാൻലി ജോർജ്

ന്യൂയോർക്ക്: വീണ്ടും അധികാരത്തിലെത്തിയാൽ അമേരിക്കയിൽ നിന്ന് ബിരുദം കരസ്ഥമാക്കുന്ന വിദേശ വിദ്യാർഥികൾക്ക് ഗ്രീൻ കാർഡ് വാഗ്ദാനം ചെയ്ത യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നിൽ മലയാളി ഉപേദശകനെന്ന് റിപ്പോർട്ടുകൾ. ട്രംപിന്‍റെ ക്യാംപെയ്ൻ സ്ട്രാറ്റജിസ്റ്റും റിപ്പബ്ലിക്കൻ പാർട്ടി തിരഞ്ഞെടുപ്പ് ഉപദേശകനുമായ സ്റ്റാൻലി ജോർജാണ് ട്രംപിന് ഉപദേശം നൽകിയത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടിയിൽ യുഎസ് പൗരത്വമുള്ളവരുടെ പങ്കാളികൾക്ക് സ്ഥിര താമസ വീസയും പൗരത്വവും നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുടിയേറ്റത്തെ എതിർക്കുന്ന ട്രംപ് പുതിയ പ്രഖ്യാപനവുമായി രംഗത്ത് വന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തന വിലയിരുത്തലുകൾക്കും നയരൂപീകരണങ്ങൾക്കും വേണ്ടിയുള്ള പഠനങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ നിയോഗിക്കപ്പെട്ട ഉപദേശക സമിതിയിലെ അംഗമാണ് സ്റ്റാൻലി ജോർജ്.

അടുത്തിടെ പ്രസിദ്ധീകരിച്ച പോഡ്കാസ്റ്റിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍നിന്നു ആളുകളെ നിയമിക്കാന്‍ ടെക് കമ്പനികളെ സഹായിക്കുമോ എന്ന ചോദ്യത്തിനു മറുപടിയായാണു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് കമ്പനികള്‍ക്ക് മിടുക്കരായ ആളുകളെ ആവശ്യമാണ്. എന്നാല്‍ അവര്‍ക്കു രാജ്യത്ത് തുടരാന്‍ കഴിയാത്തതിനാല്‍ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.

നവംബറിലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി കുടിയേറ്റത്തെക്കുറിച്ചുള്ള നിലപാട് മയപ്പെടുത്തുന്നതിന്റെ ഭാഗമായാണു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി കൂടിയായ ട്രംപ് നിര്‍ണ്ണായക നീക്കം നടത്തിയത്. ഇന്ത്യന്‍ ടെക്കികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള എച്ച് 1ബി വീസകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്നും പകരം അമേരിക്കന്‍ പൗരന്മാരായ തൊഴിലാളികള്‍ക്കു മുന്‍ഗണന നല്‍കുമെന്നും 2016ല്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ നിന്നുള്ള ചുവടുമാറ്റമാണ് പുതിയ നിലപാടിലൂടെ ട്രംപ് വരുത്തിയിരിക്കുന്നത്.