
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നു.
”ഞാന്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു, പാര്‍ട്ടിയുമായുള്ള എന്റെ കുടുംബത്തിന്റെ 55 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു, വര്‍ഷങ്ങളായി അവര്‍ നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് എല്ലാ നേതാക്കളോടും സഹപ്രവര്‍ത്തകരോടും പ്രവര്‍ത്തകരോടും ഞാന്‍ നന്ദിയുള്ളവനാണ്, എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയ കുറിപ്പില്‍ പങ്കുവെച്ചത്.
വികസനത്തിന്റെ പാതയില്‍ സഞ്ചരിക്കാനാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്ന് മുംബൈയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മിലിന്ദ് ദിയോറ പറഞ്ഞു.
മുംബൈ സൗത്ത് സീറ്റില്‍ ഉദ്ധവ് താക്കറെ വിഭാഗം വിജയിച്ചതില്‍ അദ്ദേഹം അടുത്തിടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പായ ശിവസേന (യുബിടി) പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാണ്.
‘ഇന്ന് എനിക്ക് വളരെ ആവേശകരമായ ദിവസമാണ്. കോണ്‍ഗ്രസ് വിടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ ഇന്ന് കോണ്‍ഗ്രസുമായുള്ള എന്റെ കുടുംബത്തിന്റെ 55 വര്‍ഷത്തെ നീണ്ട ബന്ധം തകര്‍ന്നിരിക്കുന്നു,’ ഇന്ന് ശിവസേനയില്‍ ചേര്‍ന്നതിന് ശേഷം ദിയോറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘എന്റെ രാഷ്ട്രീയം പുരോഗമനപരവും മതേതരവുമാണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഞാന്‍ അദ്ദേഹത്തിന്റെ കരം ശക്തിപ്പെടുത്തണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















