മദർ തെരേസയുടെ സ്നേഹ സാന്ത്വനം കോട്ടയത്തോട് വിടപറഞ്ഞു..

കോട്ടയം: അര നൂറ്റാണ്ടുകാലം കോട്ടയത്തിന് സ്വാന്തനം പകർന്നു നൽകിയ മദർ തെരേസയുടെ പിൻഗാമികൾ കോട്ടയത്തോട് യാത്ര പറഞ്ഞ് പിരിഞ്ഞു. സ്നേഹ വാതിൽ എന്നേക്കുമായി പൂട്ടിയിറങ്ങുമ്പോൾ അന്തേവാസികളായി ഉണ്ടായിരുന്ന 58 പേരെ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയിരുന്നു. 1974-ൽ മദർ തെരേസ കോട്ടയത്ത് നേരിട്ടെത്തി കീഴ്‌കുന്നിൽ തുറന്ന അഭയഭവനമാണ് ഇതോടെ ഇല്ലാതാകുന്നത്.

ആയിരക്കണക്കിന് പേർക്ക് അഭയവും സംരക്ഷണവും നൽകിയ മിഷനറീസ് ഓഫ് ചാരിറ്റി മഠത്തിൽ നിലവിലുണ്ടായിരുന്ന എട്ട് സന്ന്യാസിനിമാർ വെള്ളിയാഴ്ച രാവിലെ യാത്രയായി. അഭയഭവൻ നടത്താനായി നൽകിയ കെട്ടിടത്തിൻ്റെ താക്കോൽ വിജയപുരം രൂപതയ്ക്ക് കൈമാറി.കോൺവെൻ്റായി ഉപയോഗിച്ചിരുന്നത് ഒരു സ്വകാര്യ വ്യക്തിയുടെ വീടായിരുന്നു. അതു പൂട്ടി താക്കോൽ വീട്ടുകാരെ ഏൽപ്പിച്ചു.

അഭയഭവന് മുന്നിലെ രൂപക്കൂട്ടിലെ മദർ തെരേസയുടെ രൂപവും എടുത്ത് അവർ കോട്ടയത്തോട് യാത്ര പറഞ്ഞു. സ്ഥലപരിമിതിയും സാമ്പത്തിക ബുദ്ധിമുട്ടുകളും അവരെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. വിദേശത്തു നിന്ന് ഫണ്ട് സ്വീകരിക്കുന്നതിൽ നിന്ന് 2021 മുതൽ മിഷനറീസ് ഓഫ് ചാരിറ്റിയെ കേന്ദ്ര സർക്കാർ തടഞ്ഞിരുന്നു. എന്നാൽ എന്തെങ്കിലും തരത്തിലുള്ള പരാതി കന്യാസ്ത്രീകൾ പറഞ്ഞിട്ടില്ല. പ്രതികരണം ആരാഞ്ഞാവരോട് ഒന്നും പറയാനില്ല എന്ന മറുപട് മാത്രമാണ് അവർ നൽകിയത്.

50 വർഷം മുമ്പ് കോട്ടയത്ത് പ്രവർത്തനം തുടങ്ങിയ മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സ് ഒരുപാട് സേവനങ്ങൾ ആ നാടിനു വേണ്ടി ചെയ്തിരുന്നു. എല്ലാത്തരം പകർച്ചവ്യാധികളും ബാധിച്ചിരുന്നവരെ അവർ ശുശ്രൂഷിച്ചിരുന്നു. പട്ടിണിയുണ്ടായിരുന്ന വീടുകളിൽ എത്തി ഭക്ഷണവും വസ്ത്രവും മരുന്നും നൽകി. സ്കൂൾകുട്ടികൾക്ക് ബിസ്കറ്റും മെയ്സ് ഉപ്പുമാവും വയർ നിറച്ച് നൽകി. വീട്ടമ്മമാരെ തുന്നൽപ്പണിപോലുള്ള ജോലികൾ പരിശീലിപ്പിച്ചു. കറുത്ത തുണിസഞ്ചിയിൽ ഭിക്ഷയാചിച്ചു കിട്ടുന്ന തുക കൊണ്ടാണ് അവർ അന്ന് അവരുടെ ചെലവുകൾ കൂട്ടിമുട്ടിച്ചിരുന്നത്. കൊൽക്കത്തയിൽ മദർ തെരേസയുടെ പരിചയക്കാരനായ ഒകു കോട്ടയംകാരൻ്റെ വീടാണ് കോൺവെൻ്റായി ഉപയോഗിച്ചിരുന്നത്.

Missionaries of Charity closed their Convent and Abhayakendram