ഇടുക്കി: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുൻ മന്ത്രിയും എംഎൽഎയുമായ എംഎം മണി എംഎൽഎ. ഇടുക്കിയിലെ മുഴുവൻ ആളുകൾക്കും പട്ടയം നൽകാതെ സൂത്രത്തിൽ കാര്യം നടത്താമെന്ന് ഒരു സർക്കാരും കരുതേണ്ടെന്നും ഇടുക്കിയിലെ ആളുകളെ ഇറക്കിവിടാൻ ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് ഇനിയും പ്രശ്‌നം ഉണ്ടാക്കിയാൽ പുറത്തിറങ്ങി നടക്കാൻ വിഷമിക്കും. സംഘടിതമായി സമരം നടത്തേണ്ട സമയമാണ്. സർക്കാർ നമ്മുടേതാണെന്ന് നോക്കേണ്ട കാര്യമില്ലെന്നും എംഎം മണി പറഞ്ഞു. സിപിഎം സംഘടിപ്പിച്ച ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് മാർച്ചിലാണ് മണിയുടെ വിമർശനം.
‘ഉള്ള വനം സംരക്ഷിക്കണം, പുതിയ വനം ഉണ്ടാക്കാൻ നോക്കേണ്ട. വനം വകുപ്പിനെ മാത്രമല്ല റവന്യു വകുപ്പിനെയും നേരിടേണ്ട സ്ഥിതിയാണ് ഇടുക്കിയിലുള്ളത്. ഇടുക്കി നിവാസികൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള അവസരം ഉണ്ടാക്കണം. ഇടുക്കി ജില്ലാ കളക്‌ടർ കഴിഞ്ഞവർഷം പുറത്തിറക്കിയ നിർമാണ നിരോധന ഉത്തരവിലും എംഎം മണി മുൻപ് പ്രതികരിച്ചിരുന്നു.
ആരൊക്കെ ഭീഷണിപ്പെടുത്തിയാലും ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരും. ജില്ലയിലെ പതിമൂന്ന് പഞ്ചായത്തുകളിലെ പ്രതിനിധികളോട് ആലോചിക്കുക പോലും ചെയ്യാതെയാണ് കളക്ടർ നിർമാണ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ ജനങ്ങളെ പുനരധിവസിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിടണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
MM Mani criticized kerala government