
തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ച ഹസീന സയിദ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ തള്ളി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. കേരള മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ വിജയിന്റെ ടിവികെ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ വേണുഗോപാൽ ശ്രമിച്ചെന്നായിരുന്നു ഹസീനയുടെ ആരോപണം. എന്നാൽ ഇത് കള്ളവും അടിസ്ഥാനരഹിതവുമാണെന്നും ഡിഎംകെ സഖ്യം ശക്തമായി തുടരുമെന്നും തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി അംഗം ഗിരീഷ് ചോദാങ്കറും പിസിസി പ്രസിഡന്റ് സെൽവപെരുന്തഗൈയും വ്യക്തമാക്കി.
വിജയ് ഫാൻസിന്റെ പിന്തുണയോടെ കേരളത്തിൽ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വേണുഗോപാൽ ടിവികെ സഖ്യത്തിനായി വാദിച്ചതെന്ന് ഹസീന ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധി അംഗീകരിച്ച സ്ഥാനാർത്ഥി പട്ടിക കെ.സി. ഇടപെട്ട് അട്ടിമറിച്ചതായും ചെന്നൈ വിമാനത്താവളത്തിൽ ഇതുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായതായും ഹസീന പറഞ്ഞു. ഡിഎംകെ സഖ്യം വിടാനുള്ള നീക്കം അവസാന നിമിഷമാണ് പാളിയതെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഹസീന നടത്തുന്നതെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. ടിവികെയെ കുറിച്ച് കെ.സി. വേണുഗോപാൽ സംസാരിച്ചിട്ടുപോലുമില്ലെന്നും ഡിഎംകെയുമായുള്ളത് ആശയപരമായ സഖ്യമാണെന്നും സെൽവപെരുന്തഗൈ പറഞ്ഞു. ഡിഎംകെ സഖ്യം ഉറപ്പിക്കുന്നതിൽ വേണുഗോപാൽ നിർണ്ണായക പങ്കാണ് വഹിച്ചതെന്നും രാഹുൽ ഗാന്ധി ഉടൻ തമിഴ്നാട്ടിൽ പ്രചാരണത്തിനെത്തുമെന്നും നേതൃത്വം അറിയിച്ചു.
Congress rejects Haseena Syed’s allegations against KC Venugopal; clarifies DMK alliance remains strong













