
ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രൻ സിപിഎം വിട്ട് പോകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പാർട്ടിക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഎം നേതാവ് എംഎം മണി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ രാജേന്ദ്രൻ കണ്ടതില്‍ പ്രശ്നമില്ല. ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ രാജേന്ദ്രനോട് സംസാരിച്ചു. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ജാവദേക്കറെ കണ്ടതെന്നും പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാജേന്ദ്രനുണ്ടാകും എന്നാണ് വിശ്വാസമെന്നും എം എം മണി വ്യക്തമാക്കി. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് സിപിഎം പുറത്താക്കിയ രാജേന്ദ്രൻ ബിജെപിയിലേക്ക് ചേക്കേറുമെന്ന വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ, റിപ്പോർട്ട് നിഷേധിച്ച രാജേന്ദ്രൻ പിന്നാലെ, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അതേസമയം എം പി ഡീൻ കുര്യാക്കോസിനെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് എം എം മണി പറഞ്ഞു. എം പി ആയിരുന്നപ്പോൾ ഒന്നും ചെയ്യാത്തത് കൊണ്ടാണ് കടുത്ത വിമർശനം നടത്തിയത്. വിമർശനം കടുത്ത ഭാഷയിൽ പറഞ്ഞു എന്നേയുള്ളൂ. ഡീൻ കുര്യക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോൾ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിരിക്കുകയാണെന്നുമാണ് കഴിഞ്ഞ ദിവസം എം എം മണി പറഞ്ഞത്.
MM Mani on S Rajendran BJP entry











