ആവേശം…മോദിയും രാഹുലും ഇന്ന് കേരളത്തില്‍; പ്രചാരണം കൊഴുക്കുന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം ഉഷാറാക്കാന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കേരളത്തില്‍. ഇന്നലെരാത്രിയോടെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്ക് ഇന്ന് തൃശൂരിലും തിരുവനന്തപുരത്തുമാണ് പരിപാടികള്‍. രാഹുലിനാകട്ടെ വയനാടും കോഴിക്കോടും പ്രചാരണ പരിപാടികളുണ്ട്.

ഇന്നു രാവിലെ 10.30നു ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്തും ഉച്ചയ്ക്ക് ഒന്നിന് ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാട്ടാക്കടയിലുമാണ് മോദി എത്തുക. ഇന്നു രാവിലെ രാഹുല്‍ ഗാന്ധിക്ക് വയനാട് ജില്ലയില്‍ ജില്ലയില്‍ ആറു പരിപാടികളാണുള്ളത്. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലായി റോഡ് ഷോ ഉണ്ടാകും. പുല്‍പ്പള്ളി കര്‍ഷക സംഗമത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ മാനന്തവാടി ബിഷപ്പുമായി കൂടിക്കാഴ്ചയും നടത്തും. വൈകിട്ട് ആറുമണിക്ക് കോഴിക്കോട് മഹാറാലിയിലും രാഹുല്‍ സംസാരിക്കും. ഇന്നു മാത്രമല്ല, നാളെയും പ്രചാരണപരിപാടിയില്‍ ഉഷാറായി രാഹുല്‍ കേരളത്തിലുണ്ടാകും.

വേനല്‍ച്ചൂടിനിടെ പ്രചാരണ തീ കത്തിപ്പടരുന്ന കേരളത്തില്‍ ദേശീയ നേതാക്കളുടെ വരവോടെ ആവേശം ഇരട്ടിയാണ്. ഇരുനേതാക്കളുടേയും വരവോടെ അധിക സുരക്ഷയും ഗതാഗത നിയന്ത്രണവുമൊക്കെയായി പൊലീസും നെട്ടോട്ടത്തിലാണ്. റോഡ് ഷോയില്‍ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രചാരണരീതിയില്‍ മോദിയും രാഹുലും ആവേശം തീര്‍ക്കുക തന്നെ ചെയ്യും. ജയത്തില്‍കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെയുള്ള പ്രചാരണപരിപാടിയില്‍ മൂര്‍ച്ചയുള്ള ആരോപണങ്ങളാണ് പലപ്പോഴും കളം നിറയുന്നത്.

താര പ്രചാരകരെ കളത്തില്‍ ഇറക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം കൂട്ടുകയാണ് ബിജെപി. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ട് തേടി നടി ശോഭന ഇന്നലെ എത്തിയിരുന്നു. ശോഭന നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്നും, എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന ഒരു താരമാണെന്നും, രാജ്യത്ത് പുരോഗതി വേണം, മാറ്റം വേണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide