കണ്ണൂർ: അന്തരിച്ച സി പി എം പ്രവർത്തകനും കൂത്തുപറമ്പ് സമരനായകനുമായ പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എം വി ആറിന്‍റെ മകൻ എം വി നികേഷ് കുമാർ എത്തി. 1994 ൽ പുഷ്പൻ ഉൾപ്പെടെയുടള്ളവർക്ക് നേരെയുണ്ടായ വെടിവയ്പ്പിന് കാരണക്കാരനായി അറിയപ്പെടുന്ന മന്ത്രിയും അന്തരിച്ച സി എം പി നേതാവുമായ എം വി രാഘവന്‍റെ മകനായ നികേഷ്, നിലവിൽ സി പി എം കണ്ണൂർ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്. മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച നികേഷിനെ അടുത്തിടെയാണ് കണ്ണൂർ ഡി സിയിൽ ഉൾപ്പെടുത്തിയത്.
പുഷ്പന്‍റെ ജന്മനാടായ ചൊക്ലിയിലെ പൊതു ദർശനത്തിനിടെയാണ് നികേഷ് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയത്. പുഷ്പങ്ങൾ അർപ്പിച്ചും പുഷ്പചക്രം സമർപ്പിച്ചുമാണ് നികേഷ്, പുഷ്പന് അന്ത്യാഭിവാദ്യമേകിയത്. അതേസമയം അവസാനമായി പ്രിയ സഖാവിനെ കാണാനായി ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പോരാട്ടങ്ങളുടെ പ്രതീകമായി സി പി എമ്മിന് എന്നും ആവേശമായിരുന്ന പുഷ്പന് വൈകാരികമായ യാത്രയയപ്പാണ് പാർട്ടിയും പ്രവർത്തകരും നൽകിയത്. നിലക്കാത്ത മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയായിരുന്നു അന്ത്യയാത്ര.