നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ല; അംബാനി–അദാനി എന്ന് മോദി പറയുന്നത് പരാജയഭീതിയിൽ: രാഹുൽ ഗാന്ധി

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സമാജ്‌വാദി പാർട്ടി (എസ്‌പി) അധ്യക്ഷൻ അഖിലേഷ് യാദവിനെ പിന്തുണച്ച് ഇന്ത്യ സഖ്യത്തിൻ്റെ സംയുക്ത റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനും അഖിലേഷ് യാദവും ഇന്ത്യ സഖ്യവും കഴിഞ്ഞ രണ്ട് വർഷത്തിനിടെ തങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വിദ്വേഷത്തിനിടയിലും സ്നേഹം പ്രചരിപ്പിക്കാൻ ഭാരത് ജോഡോ യാത്ര നടത്തിയെന്നും ഇന്ത്യ സഖ്യത്തിനായി യോഗങ്ങൾ ചേർന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

“ഞാൻ പറയുന്നത് നിങ്ങൾ കുറിച്ചുവച്ചോളൂ, 2024ലെ ലോക്സഭ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ നരേന്ദ്ര മോദി ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല,” രാഹുൽ പറഞ്ഞു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രസംഗത്തില്‍ ഒരിടത്ത് പോലും പ്രധാനമന്ത്രി നരേന്ദ്രമോദി അദാനിയെക്കുറിച്ചോ അംബാനിയെക്കുറിച്ചോ സംസാരിച്ചിട്ടില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. ഭയപ്പെടുന്ന ഒരാള്‍ സ്വന്തം വിശ്വാസം അനുസരിച്ച് അവനവനെ രക്ഷിക്കാന്‍ കഴിയുന്ന വ്യക്തിയുടെ പേര് പറയുന്നു. സമാനമായ രീതിയില്‍ നരേന്ദ്രമോദി തന്നെ രക്ഷിക്കാന്‍ കഴിയുന്ന രണ്ട് സുഹൃത്തുക്കളുടെ പേര് പറയുകയാണ്. അംബാനി.. അദാനി എന്നെ രക്ഷിക്കൂ എന്നാണ് പറയുന്നത്. ഏത് ട്രക്കില്‍ എത്ര പണം അദാനി കൊണ്ടുവന്നുവെന്ന് മോദിക്ക് അറിയാം. വ്യക്തിപരമായ അനുഭവം അദ്ദേഹത്തിനുണ്ടെന്നും രാഹുല്‍ കടന്നാക്രമിച്ചു.

‘‘പത്തു വർഷത്തിനിടയിൽ, മോദി ഒരിക്കലും അദാനിയുടെയും അംബാനിയുടെയും പേരുകൾ പരാമർശിച്ചിട്ടില്ല. ഭയം പിടികൂടുമ്പോഴാണ്, രക്ഷിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നവരുടെ പേരുകൾ നാം പറയുക. അതുകൊണ്ട് മോദി അദ്ദേഹത്തിന്റെ രണ്ടു സുഹൃത്തുക്കളുടെ പേരുകൾ പരാമർശിച്ചിരിക്കുകയാണ്. എന്നെ രക്ഷിക്കൂ, ഇന്ത്യ മുന്നണി എന്നെ ഒറ്റപ്പെടുത്തുകയാണ്. അദാനി–അംബാനി എന്നെ രക്ഷിക്കൂ…’’

More Stories from this section

family-dental
witywide