‘പരാതിക്കു പിന്നിൽ ഗൂഢാലോചന, ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാർ’; ആരും കൂടെയില്ലെങ്കിലും ഒറ്റയ്ക്ക് പോരാടുമെന്ന് നിവിൻ പോളി

കാെച്ചി: തനിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഗൂഢാലോചന നടന്നതായി വിശ്വസിക്കുന്നുവെന്ന് നടൻ നിവിന്‍ പോളി. മാധ്യമങ്ങളിലൂടെയാണ് വാർത്ത അറിഞ്ഞത്. പരാതിക്കാരിയായ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ആരോപണം അടിസ്ഥാന രഹിതമാണെന്നും കൊച്ചിയില്‍ നടത്തിയ വാർത്താസമ്മേളനത്തിൽ നിവിൻ പോളി പറഞ്ഞു.

വ്യാജ ആരോപണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടു വരാനുള്ള നടപടികൾ സ്വീകരിക്കും. കേസിൽ നിയമപരമായി നീങ്ങുമെന്നു നിവിൻ പോളി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വാർത്താ​സമ്മേളനം നടത്തി നിവിൻ പോളി കാര്യങ്ങൾ വിശദീകരിച്ചു. പരാതി നൽകിയ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഒന്നരമാസം മുമ്പ് ഇതുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് വിളിച്ചിരുന്നു. അന്ന് വ്യാജ പരാതിയാണെന്നും പ്രശസ്തിക്ക് വേണ്ടി ചെയ്തതാകാമെന്നുമാണ് പൊലീസ് പറഞ്ഞതെന്നും നിവിൻ പോളി വ്യക്തമാക്കി.

“പെട്ടെന്ന് വാർത്ത കണ്ടപ്പോള്‍ ബാധിച്ചു. നമുക്ക് കുടുംബം ഉള്ളതല്ലേ. എന്‍റെ ഭാഗത്ത് ന്യായമുണ്ട്. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്ന നൂറ് ശതമാനം ഉറപ്പുണ്ട്. ഓടി ഒളിക്കേണ്ട കാര്യമില്ല. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമപരമായി നേരിടും. എത്ര നാളാണെന്ന് അറിയില്ല. ഏതറ്റം വരെയും പോരാടും. ആരോപണം സത്യമല്ലെന്ന് തെളിയിക്കും. എന്‍റെ കെെയ്യില്‍ തെളിവില്ല. പക്ഷെ, ഇവിടെ എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും വരാം. അവർക്ക് വേണ്ടി കൂടെയാണ് സംസാരിക്കുന്നത്. പ്രതികരിച്ചില്ലെങ്കില്‍ നീണ്ടു നീണ്ടു പോകും. ഏത് അന്വേഷണത്തിനും തയ്യാറാണ്. ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണ്,” നിവിന്‍ പോളി പറഞ്ഞു.

എനിക്ക് വേണ്ടി സംസാരിക്കാന്‍ വേണ്ടി ഞാനല്ലേയുള്ളൂ. നാളെ സത്യം തെളിഞ്ഞാല്‍ നിങ്ങള്‍ എന്റെ കൂടെ നില്‍ക്കണം. ഒരു മാസം മുമ്പ് സമാനമായ പരാതിയില്‍ പൊലീസ് വിളിച്ചിരുന്നു. എനിക്കറിയില്ലെന്നാണ് പറഞ്ഞത്. വ്യാജ കേസ് ആണെന്ന് പറഞ്ഞ് അത് അവസാനിപ്പിക്കുകയാണ് ചെയ്തത്. പരാതിക്കാരി പബ്ലിസിറ്റി വേണ്ടി ചെയ്തതാവാം എന്നാണ് പൊലീസുകാരന്‍ പറഞ്ഞത്. പിന്നീട് നിയമോപദേശം തേടിയപ്പോഴും സമാനമായ മറുപടിയാണ് ലഭിച്ചതെന്നും’, നിവിന്‍ പോളി പറഞ്ഞു.

പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. പുതിയ പരാതിയുടെ ഉള്ളടക്കം അറിയില്ല. അന്ന് നേരിട്ട് ഹാജരാകാം എന്ന് പറഞ്ഞെങ്കിലും വേണ്ടെന്ന് പൊലീസ് അറിയിക്കുകയായിരുന്നുവെന്നും നടന്‍ പറഞ്ഞു.

ആരോപണ വിധേയരായ ആറ് പേരില്‍ ഒരാളെ അറിയാം. മലയാളം സിനിമയില്‍ ഫണ്ട് ചെയ്യുന്നയാളാണ്. താനും മേടിച്ചിട്ടുണ്ട്. ആ ബന്ധം മാത്രമെയുള്ളൂ. ഒന്നാം പ്രതിയെയോ ബാക്കിയുള്ളവരെയോ അറിയില്ല.

നിര്‍മാതാവിനെ ദുബായ് മാളില്‍വെച്ച് കണ്ടിട്ടുണ്ട്. റാഫേല്‍ എന്ന സുഹൃത്തിനെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. സിനിമയുടെ കാര്യം പറഞ്ഞ് പിരിഞ്ഞു. മറ്റൊരിടത്തുംവെച്ച് കൂടിക്കാഴ്ച്ച നടത്തിയിട്ടില്ല. അന്വേഷണത്തെ ബഹുമാനിക്കുന്നു.

കുടുംബത്തിന് തന്നെ അറിയാം. ആദ്യം അമ്മയെ ആണ് വിളിച്ചത്. പേടിക്കേണ്ടതില്ലെന്ന് അമ്മ ഇങ്ങോട്ട പറഞ്ഞു. സത്യം തെളിയിക്കാന്‍ അവസാനം വരെ പോരാടും. അപകീര്‍ത്തിപ്പെടുത്താന്‍ കരുതിക്കൂട്ടി ചെയ്തതാണെന്നും നിവിന്‍ പോളി പറഞ്ഞു.

Also Read

More Stories from this section

family-dental
witywide