ന്യൂഡല്‍ഹി: ഇന്ത്യയുമായി കൈകോര്‍ത്ത് പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള അത്യാധുനിക എ.ഐ. ചിപ്പുകള്‍ രാജ്യത്തിനായി വികസിപ്പിക്കാന്‍ അമേരിക്കന്‍ ടെക് ഭീമനായ എന്‍വിഡിയ. ഈ വര്‍ഷം ആദ്യം എന്‍വിഡിയ സി.ഇ.ഒ. ജെന്‍സെന്‍ ഹുവാങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമായത്.
എന്‍വിഡിയയുമായുള്ള ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണെന്ന് ഇന്ത്യന്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചു. ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ചിപ്പ് നിര്‍മ്മിക്കാനാണ് എന്‍വിഡിയ ലക്ഷ്യമിടുന്നത്. ഈ ചിപ്പിന്റെ ചെലവുകള്‍, ആനുകൂല്യങ്ങള്‍, സാധ്യത എന്നിവ ഇന്ത്യന്‍ സര്‍ക്കാര്‍ നിലവില്‍ വിലയിരുത്തുകയാണ്. ‘കവച്’ എന്നറിയപ്പെടുന്ന ഇന്ത്യന്‍ റെയില്‍വേയുടെ സുരക്ഷാ സംവിധാനത്തിലും, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍, കമ്പനികള്‍, സര്‍ക്കാര്‍ ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കും ചിപ്പ് ഉപയോഗിക്കാനാകും.
എന്‍വിഡിയയുടെ വിപണി മൂല്യം ഉയര്‍ന്ന് 3.39 ട്രില്യണ്‍ ഡോളറായി നില്‍ക്കുകയാണിപ്പോള്‍. മാത്രമല്ല, ആപ്പിളിന് തൊട്ടുപിന്നാലെ ആഗോളതലത്തില്‍ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായി ഇത് മാറി. എന്‍വിഡിയയുടെ വിജയം പ്രധാനമായും അതിന്റെ ഗ്രാഫിക്സ് ചിപ്പുകളാണ്, അവ എഐ സാങ്കേതികവിദ്യകള്‍ ശക്തിപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്.