
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉയർന്ന ആശങ്കകൾക്ക് വനംമന്ത്രി നൽകിയ മറുപടി ഉത്തരവാദിത്തമില്ലായ്മയുടെ തെളിവാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. ‘ഭരണമാറ്റം വന്നത് കാട്ടാന അറിഞ്ഞിട്ടില്ല’ എന്ന വനംമന്ത്രിയുടെ പരാമർശം വിഷയത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്ന സമീപനമാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ആറു പേരാണ് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട് കാട്ടിക്കുളത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച രാജുവാണ് ഈ പട്ടികയിലെ ഏറ്റവും പുതിയ ഇര. എന്നാൽ സംഭവം നടന്നിട്ടും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്താൻ തയ്യാറായില്ലെന്ന ഗുരുതരമായ ആരോപണം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനവാസ മേഖലകളിലേക്ക് വന്യജീവികൾ കടന്നുകയറുന്നത് തടയാനും അക്രമകാരികളായ മൃഗങ്ങളെ പിടികൂടി തുരത്താനുമുള്ള സംവിധാനങ്ങൾ സംസ്ഥാനത്തുണ്ടെങ്കിലും, ഭരണമാറ്റത്തിന് ശേഷം അവ ഫലപ്രദമായി വിന്യസിക്കപ്പെടുന്നില്ലെന്നാണ് തുടർച്ചയായ ആക്രമണങ്ങളും ജീവനഷ്ടങ്ങളും വ്യക്തമാക്കുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു.
വനാതിർത്തി മേഖലകളിൽ ഭീതിയോടെ കഴിയുന്ന ജനങ്ങൾക്കൊപ്പം നിൽക്കുകയും അവർക്കാവശ്യമായ സംരക്ഷണവും ആശ്വാസവും ഉറപ്പാക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ആ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുകയാണെന്നും ജനവിരുദ്ധ സമീപനമാണ് നിലവിൽ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, അവർക്കുള്ള സാമ്പത്തിക സഹായം കാലതാമസമില്ലാതെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങളെത്തുടർന്ന് വൻതോതിൽ കൃഷിനാശം നേരിടുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ഉടൻ അനുവദിക്കണമെന്നും പ്രതിപക്ഷ നേതാവ് സർക്കാരിനോട് ആവശ്യപ്പെട്ടു.















