
കൽപ്പറ്റ: കേരളത്തിൽ യു.ഡി.എഫ് വൻ വിജയം നേടിയതിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തെരുവിൽ തുടരുന്നു. കോൺഗ്രസ് ഹൈക്കമാൻഡിനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനുമെതിരെ വയനാട്ടിൽ വ്യാപകമായി പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കൽപ്പറ്റയിലെ ഡി.സി.സി ഓഫീസിന് സമീപമാണ് ഇംഗ്ലീഷിലുള്ള പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിട്ട് ലക്ഷ്യമിട്ടാണ് പോസ്റ്ററുകൾ.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെ കോൺഗ്രസ് നേതൃത്വം പിന്തുണച്ചാൽ വയനാട് അടുത്ത ‘അമേഠി’യായി മാറുമെന്നാണ് പോസ്റ്ററുകളിലെ പ്രധാന മുന്നറിയിപ്പ്. രാഹുൽ ഗാന്ധിയുടെ വെറുമൊരു ‘പെട്ടിയെടുപ്പുകാരൻ’ മാത്രമാണ് കെ.സി വേണുഗോപാലെന്ന് പോസ്റ്ററുകളിൽ പരിഹസിക്കുന്നു. വേണുഗോപാലിനെയാണ് മുഖ്യമന്ത്രിയാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ രാഹുലും പ്രിയങ്കയും വയനാടിനെ മറന്നേക്കൂ എന്നും, ഇനി ഇവിടെ മത്സരിച്ചാൽ ജയിക്കില്ലെന്നും പോസ്റ്ററുകളിൽ വ്യക്തമാക്കുന്നുണ്ട്. ഹൈക്കമാൻഡിൻ്റെ വിഡ്ഢിത്തങ്ങൾക്ക് കേരളം മാപ്പ് തരില്ലെന്നും പോസ്റ്ററുകളിൽ കുറിച്ചിട്ടുണ്ട്.
ഡൽഹിയിൽ മുഖ്യമന്ത്രി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ അനുയായികളെ പ്രകോപിപ്പിച്ചുകൊണ്ട് കെ.സി വേണുഗോപാലിൻ്റെ പേര് സജീവമായി ഉയർന്നുവന്നത്. ഇതിന് പിന്നാലെ വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലെ ഭൂരിഭാഗം കോൺഗ്രസ് പ്രവർത്തകരും പ്രിയങ്ക ഗാന്ധിക്ക് കൂട്ടത്തോടെ ഇമെയിലുകൾ അയക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ആരുടെയും പേരില്ലാതെ പ്രത്യക്ഷപ്പെട്ട ഈ പോസ്റ്ററുകൾ കോൺഗ്രസിനുള്ളിലെ ആഭ്യന്തര ഗ്രൂപ്പ് പോര് വീണ്ടും രൂക്ഷമാകുന്നതിൻ്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്.
‘If you support KC, Wayanad will become the next Amethi’; Poster protest against Rahul Gandhi and Priyanka














