കൊളംബിയ സർവകലാശാലയിലെ പലസ്തീന്‍ അനുകൂല പ്രതിഷേധം മറ്റ് യുഎസ് സർവകലാശാലകളിലേക്കും വ്യാപിക്കുന്നു

ന്യൂയോര്‍ക്ക്: കൊളംബിയ യൂണിവേഴ്സ്റ്റിയില്‍ നിന്നും തുടങ്ങി ഇപ്പോള്‍ പല കോളേജുകളിലേക്കും വ്യാപിച്ച പലസ്തീന്‍ അനുകൂല പ്രതിഷേധം അമേരിക്കയെ മുള്‍മുനയില്‍ നിര്‍ത്തുന്നു. പലസ്തീനെതിരായ യുദ്ധത്തില്‍ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും സാമ്പത്തിക- സൈനിക- യുദ്ധ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയായി വിവിധ ക്യാമ്പസുകളിലെ പ്രതിഷേധം മാറുകയാണ്.

പലസ്തീനിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കുക, അമേരിക്ക ഇസ്രായേലിന് നല്‍കുന്ന സഹായം നിര്‍ത്തലാക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. കാമ്പസില്‍ ഗാസ ഐക്യദാര്‍ഢ്യ ടെന്റുകള്‍ നിര്‍മിച്ചാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ കാരണം കഴിഞ്ഞയാഴ്ച കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ 100-ലധികം പ്രകടനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു.

തിങ്കളാഴ്ചയും കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിലെ പോലീസ് യേല്‍ സര്‍വകലാശാലയില്‍ 45 ഓളം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. തങ്ങള്‍ താമസിക്കുന്ന പ്രദേശം വിട്ടുപോകാനുള്ള ഉത്തരവ് വിദ്യാര്‍ത്ഥികള്‍ നിരസിച്ചതാണ് അറസ്റ്റിലേക്ക് എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വ്യക്തിഗത ക്ലാസുകള്‍ റദ്ദാക്കി, പഠനം ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടുണ്ട്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലും യേലിലും ഡസന്‍ കണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലേക്കും കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ക്യാമ്പസുകളിലെ പ്രതിഷേധത്തിന് വിദ്യാര്‍ത്ഥികളെക്കൂടാതെ പുറത്തുനിന്നുള്ളവരും എത്തുന്നത് അധികൃതര്‍ക്ക് അധിക തലവേദന സൃഷ്ടിച്ചു.

ഏറ്റവും പ്രശസ്തമായ യുഎസ് സര്‍വകലാശാലകളില്‍ ചിലത് വിദ്യാര്‍ത്ഥികളല്ലാത്ത ആരെയും ക്യാമ്പസില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ ഗേറ്റുകള്‍ അടച്ചുപൂട്ടി. തിങ്കളാഴ്ച ഹാര്‍വാര്‍ഡ് യാര്‍ഡിലേക്കുള്ള ഗേറ്റുകള്‍ അടയ്ക്കുകയും വിദ്യാര്‍ത്ഥികള്‍ക്കല്ലാതെ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

ഐവി ലീഗ് സ്‌കൂളുകളിലെ പ്രകടനങ്ങള്‍ക്ക് പുറമേ, മിഷിഗണ്‍ യൂണിവേഴ്സിറ്റി, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയുള്‍പ്പെടെ മറ്റ് കാമ്പസുകളിലും പലസ്തീനിയന്‍ അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്.

പലസ്തീന്‍ അനുകൂല പ്രതിഷേധവുമായെത്തുന്നവരെ എതിര്‍ക്കുന്ന ഇസ്രയേല്‍ അനുകൂലികളും ക്യാമ്പസിലെ സ്ഥിതി സങ്കീര്‍ണമാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ രണ്ട് ചേരിയായി തിരിയാനും സ്ഥിതി വഷളാകാനും ഇത് ഇടയാക്കുന്നു.

തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ ഒരു പ്രസ്താവനയില്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി അധികൃതര്‍ പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വൈകുന്നേരം 4 മണിക്ക് മുമ്പ് ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടു. എന്നാല്‍ അനുസരിക്കാതിരുന്നവരെ രാത്രി എട്ടരയോടെ കൂട്ട അറസ്റ്റുചെയ്ത് നീക്കിയിട്ടുണ്ട്.

തിങ്കളാഴ്ച ന്യൂയോര്‍ക്ക് സിറ്റിയിലെ കൊളംബിയയില്‍ സ്‌കൂള്‍ ഐഡി ഇല്ലാതെ ആര്‍ക്കും കാമ്പസ് ഗേറ്റുകള്‍ തുറന്നുനല്‍കില്ലെന്ന് കര്‍ശന നിലപാട് അധികൃതര്‍ എടുത്തതോടെ ക്യാമ്പസിന് പുറത്തും പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു.

കാമ്പസില്‍ നടക്കുന്ന കാര്യങ്ങളില്‍ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് തിങ്കളാഴ്ച സ്‌കൂള്‍ സമൂഹത്തിന് അയച്ച സന്ദേശത്തില്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് മിനൂഷ് ഷാഫിക് പറഞ്ഞു.

ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്സ് ഫുട്ബോള്‍ ടീമിന്റെ ഉടമയും കൊളംബിയയുടെ കാമ്പസിലുടനീളം ക്രാഫ്റ്റ് സെന്റര്‍ ഫോര്‍ ജൂത സ്റ്റുഡന്റ് ലൈഫിന് ധനസഹായം നല്‍കിയവരുമായ റോബര്‍ട്ട് ക്രാഫ്റ്റ്, സര്‍വകലാശാലയിലേക്കുള്ള സംഭാവനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് പറഞ്ഞു.

”കൊളംബിയയ്ക്ക് അതിന്റെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ കഴിയുമെന്ന് എനിക്ക് ഇനി വിശ്വാസമില്ല, തിരുത്തല്‍ നടപടി സ്വീകരിക്കുന്നത് വരെ സര്‍വകലാശാലയെ പിന്തുണയ്ക്കാന്‍ എനിക്ക് കഴിയില്ല,” അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide