രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ ദുരന്തബാധിതർക്കൊപ്പം

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ലോക് സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുല്‍ഗാന്ധി. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്ക ഗാന്ധിയും കേരളത്തിന്‌റെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘത്തിലുണ്ട്. രാവിലെ മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഇവർ റോഡുമാർഗം ഉച്ചയോടെ മേപ്പാടിയിൽ എത്തിച്ചേർന്നു.

ദൂരന്തഭൂമിയില്‍ സൈന്യം തയ്യാറാക്കിയ പാലം കടന്നെത്തിയ രാഹുലും സംഘവും രക്ഷാപ്രവര്‍ത്തകരുമായി സംസാരിച്ചു. ദുരന്തസ്ഥലം സന്ദര്‍ശിച്ചശേഷം ദുരന്തബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാംപില്‍ രാഹുലും പ്രിയങ്കയും എത്തി അവരെ ആശ്വസിപ്പിച്ചു.

പരുക്കേറ്റവര്‍ ചികിത്സയിലുള്ള വിംസ് ഹോസ്പിറ്റലും രാഹുലും പ്രിയങ്കയും സന്ദര്‍ശിക്കുന്നുണ്ട്. ഇരുവരും മേപ്പാടിയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററും സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലുള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കളുംഇവർക്കൊപ്പമുണ്ട്.

ഉരുള്‍പൊട്ടലിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും വയനാട് ജില്ലാ കളക്ടറുമായും രാഹുല്‍ ഫോണില്‍ സംസാരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ അടിയന്തര സഹായവും എത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. വയനാട്ടില്‍ ഉണ്ടായ ദുരന്തത്തിന് അനുശോചനം അറിയിച്ച അദ്ദേഹം വയനാട്ടില്‍ അടിയന്തര ഇടപെടലിന് കേന്ദ്രമന്ത്രിമാരോട് സംസാരിക്കുമെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നേരിട്ട് ഇറങ്ങണമെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

Rahul and Priyanka In Wayanad landslide disaster area

More Stories from this section

family-dental
witywide