‘കോൺഗ്രസിന് തെറ്റുപറ്റി, രാഷ്ട്രീയത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്’; രാഹുൽ ഗാന്ധിയുടെ കുറ്റസമ്മതം

ലഖ്‌നൗ: കോൺഗ്രസിന് ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും, വരും കാലങ്ങളിൽ തൻ്റെ പാർട്ടിയുടെ രാഷ്ട്രീയം മാറ്റേണ്ടിവരുമെന്നും രാഹുൽ ഗാന്ധി. വെള്ളിയാഴ്ച ലഖ്‌നൗവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മോദി ഒരു ഏകാധിപതിയാണെന്ന് കുറ്റപ്പെടുത്തിയ രാഹുൽ, അദ്ദേഹം ഏതാനും നിക്ഷേപകരുടെ മറയായി പ്രവര്‍ത്തിക്കുയാണെന്നും ആരോപിച്ചു.

“വരും കാലങ്ങളിൽ കോൺഗ്രസിനും രാഷ്ട്രീയം മാറ്റേണ്ടി വരും. കോൺഗ്രസിനും തെറ്റുപറ്റി,” അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സർവാധിപാതിയാണെന്ന് പറഞ്ഞ രാഹുൽ, പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിക്കുയും ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 180 സീറ്റുകളിലധികം നേടില്ലെന്നും നരേന്ദ്ര മോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

“മോദി പ്രധാനമന്ത്രിയല്ല, സര്‍വാധിപതിയാണ്. അദ്ദേഹത്തിന് മന്ത്രിസഭയുമായോ, പാർലമെന്‍റുമായോ, ഭരണഘടനയുമായോ യാതൊരു ബന്ധവുമില്ല. 21ാം നൂറ്റാണ്ടിലെ രാജാവാണ് അദ്ദേഹം, യഥാർഥത്തിൽ അധികാരം കൈയാളുന്ന രണ്ടോ മൂന്നോ സമ്പന്നരുടെ മറയായി പ്രവർത്തിക്കുകയാണ്,” രാഹുൽ പറഞ്ഞു.

സംവരണം, ജാതി വ്യവസ്ഥ, ഭരണഘടനയ്‌ക്കെതിരായ “ആക്രമണം” എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ജനിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്തെ വലിയൊരു വിഭാഗം ആളുകളുടെ ഭാവി തീരുമാനിക്കപ്പെടുമെന്നും രാഹുൽ പറഞ്ഞു. ആളുകളെ ചെറിയ വിഭാഗങ്ങളാക്കി, ഏത് ജോലിക്ക് അവർ പ്രാപ്തരാണെന്നും ഏത് ജോലി ചെയ്യാൻ കഴിയില്ലെന്നും തീരുമാനിക്കുന്നു, രാഹുൽ പറഞ്ഞു.

Also Read

More Stories from this section

family-dental
witywide