
പരീക്ഷാ ക്രമക്കേടുകൾക്കെതിരായ ജന്തർമന്തർ പ്രക്ഷോഭം മുതൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം വരെ നീളുന്ന സംഭവവികാസങ്ങളിൽ കോൺഗ്രസും കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) യും തമ്മിലുള്ള പോര് കടുക്കുന്നു. ബി.ജെ.പിയേക്കാൾ വിഷമുള്ളവരും വിഡ്ഢികളുമാണ് കോൺഗ്രസുകാരെന്നും അവരാണ് രാജ്യത്തെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതെന്നും സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്കയും രൂക്ഷമായി വിമർശിച്ചു. എന്നാൽ, മറ്റ് രാഷ്ടീയ പാർട്ടികളുടെ സമരങ്ങളെ ഹൈജാക്ക് ചെയ്യുന്ന ആം ആദ്മി പാർട്ടിയുടെ (ആപ്) പുതിയ രൂപമാണ് സി.ജെ.പിയെന്നും സോനം വാങ്ചുക്, നേഹ ബോറ തുടങ്ങിയ സമരപോരാളികളെ ഇവർ ചതിച്ചെന്നും കോൺഗ്രസ് വക്താവ് റീതം സിംഗ് തിരിച്ചടിച്ചു.
നീറ്റ് ക്രമക്കേടിനെതിരായ സമരം മുതൽ ഇരുപാർട്ടികൾക്കുമിടയിൽ നിലനിന്നിരുന്ന അസഹിഷ്ണുതയാണ് ഇപ്പോൾ പരസ്യമായ വാക്‌പോരിലേക്ക് നീങ്ങിയിരിക്കുന്നത്. അസമിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ സി.ജെ.പി നേതാക്കൾ അറസ്റ്റിലായപ്പോൾ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത് കോൺഗ്രസ് മാത്രമായിരുന്നുവെന്ന് റീതം സിംഗ് ഓർമിപ്പിച്ചു. ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങളെപ്പോലും തമാശയാക്കിയവരാണ് സി.ജെ.പി നേതാക്കളെന്നും, സോനം വാങ്ചുക്കിന്റെ അറസ്റ്റ് വരെ ഇവർ കാഴ്ചക്കാരായി നിൽക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. സ്വയം പ്രഖ്യാപിത ലിബറലുകളായ കോൺഗ്രസുകാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ (എക്സ്) മാത്രമാണ് ജീവിക്കുന്നതെന്നും, തങ്ങളാണ് ഭരണഘടനയുടെയും രാജ്യത്തിന്റെയും ഏക സംരക്ഷകരെന്ന ഭ്രമത്തിലാണ് അവരെന്നും സി.ജെ.പി നേതാക്കൾ പരിഹസിച്ചു.
നേരത്തെ നീറ്റ് വിഷയത്തിൽ രാഹുൽ ഗാന്ധി തുടങ്ങിയ സമരം സി.ജെ.പി ഏറ്റെടുത്ത് ശക്തമാക്കിയതോടെയാണ് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാൻ നിർബന്ധിതനായത്. എന്നാൽ, ഈ സമരത്തിന്റെ ക്രെഡിറ്റ് സി.ജെ.പി ഹൈജാക്ക് ചെയ്തെന്ന അമർഷം കോൺഗ്രസിനുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം സി.ജെ.പിയേക്കാൾ മുൻപേ ആരംഭിക്കാൻ കോൺഗ്രസ് മത്സരിച്ചത്. കൂടാതെ, സമരത്തിൽ സി.ജെ.പിയെ കൂടി പങ്കാളികളാക്കണമെന്ന ഇടത് പാർട്ടികളുടെ നിർദേശം കോൺഗ്രസ് തള്ളുകയും ചെയ്തു. ഇതോടെയാണ് ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം പൂർണമായി വിയോജിപ്പിലേക്ക് നീങ്ങിയത്.
“Worse Than BJP, Bunch of Fools”: CJP Attacks Congress; “AAP-Style Hijackers,” Retaliates Congress As Rift Deepens












