
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പോരാട്ടം ഒറ്റക്കെട്ടായി ശക്തമാക്കാൻ ഇന്ത്യ സഖ്യ യോഗത്തിൽ തീരുമാനം. ഗ്യാനേഷ് കുമാറിന്റെ രാജിയില്ലാതെ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം, ഒക്ടോബർ 6-ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് എം.പിമാരുടെ പടുകൂറ്റൻ മാർച്ച് പ്രഖ്യാപിച്ചു. ഇതിനുപുറമേ, വോട്ട് കൊള്ളയ്ക്കെതിരായ പരാതികളുമായി ഒക്ടോബർ രണ്ടാം വാരത്തിൽ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കാണാൻ അനുമതി തേടും.
ഇലക്ഷൻ കമ്മീഷനെ നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് പാവയെപ്പോലെ ഉപയോഗിക്കുകയാണെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ഗ്യാനേഷ് കുമാർ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും ബംഗാളിൽ ഉൾപ്പെടെ വലിയ കൊള്ളയാണ് നടന്നതെന്നും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി ആഞ്ഞടിച്ചു. സി.ഇ.സി.യെ മാറ്റിയില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം കടുപ്പിക്കുമെന്നും ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
നാഷണൽ കോൺഫറൻസ്, ശിവസേന (ഉദ്ധവ് വിഭാഗം), ജെ.എം.എം. തുടങ്ങി പ്രമുഖ പാർട്ടികളുടെ പ്രതിനിധികളും ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. വോട്ട് കൊള്ളയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കുമെതിരെ നവംബർ 1-ന് ഡൽഹിയിൽ വമ്പൻ ‘ജനാധിപത്യ സംരക്ഷണ റാലി’ സംഘടിപ്പിക്കുമെന്നും സഖ്യ നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്.
No Backdown Without CEC Gyanesh Kumar’s Resignation: INDIA Bloc to March to ECI Headquarters on October 6











