ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ധാക്കയിൽ നിന്ന് സൈനിക ഹെലികോപ്റ്ററിൽ രാജ്യം വിട്ട ഷെയ്ഖ് ഹസീന ത്രിപുരയിലെ അഗർത്തലയിൽ എത്തിയതിന് പിന്നാലെ ഡൽഹിയിലേക്ക് തിരിച്ചതായി റിപ്പോർട്ട്. AJAX1431 എന്ന കോൾ സൈനിലുള്ള C-130 എയർക്രാഫ്റ്റ് ബംഗ്ലാദേശ് അതിർത്തി കടന്ന് ഡൽഹിയിലേക്ക് പറക്കുന്നതായി ഇന്ത്യയിലെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഹസീന യാത്ര ചെയ്യുന്ന ഹെലികോപ്റ്ററിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും റഡാറുകൾ സജീവമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രെഹാനയുമാണ് കോപ്റ്റലുള്ളതെന്നാണ് വിവരം. ഡൽഹിയിൽ ലാൻഡ് ചെയ്യുന്നതിന് പിന്നാലെ ഇവർ ലണ്ടനിലേക്ക് കടക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.
ബംഗ്ലാദേശിൽ വിദ്യാർത്ഥി പ്രക്ഷോഭം അതിരൂക്ഷമായ സാഹചര്യത്തിൽ അതിർത്തിയിലെ ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് പ്രത്യേക ജാഗ്രതാ നിർദേശം ലഭിച്ചു. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ബിഎസ്എഫ് ജനറൽ ദൽജിത് ചൗധരി കൊൽക്കത്തയിലെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ 4,096 കിലോമീറ്ററോളം അതിർത്തി പ്രദേശം ബംഗ്ലാദേശുമായാണ് പങ്കുവയ്‌ക്കുന്നത്. അതിർത്തി കടന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും പൂർണ സജ്ജമായിരിക്കണമെന്നും ബിഎസ്എഫിന് നിർദേശം ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ നിലവിലുള്ള കലാപസാഹചര്യം ഭീകരരും ലഹരിക്കടത്ത് സംഘങ്ങളും ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നീക്കം.