തുഷാര്‍ ഉഷാറായി ജയിക്കും, ബിജെപി അക്കൗണ്ട് തുറക്കും: പി.സി ജോര്‍ജ്ജ്

കോട്ടയം: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പിസി ജോര്‍ജ്ജ്. കോട്ടയത്ത് ബിജെപിക്ക് വിജയ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ പിസി ജോര്‍ജ്ജ് തുഷാര്‍ ഉഷാറായി ജയിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. 5 ലക്ഷത്തോളം വോട്ട് കോട്ടയത്ത് ബിഡിജെഎസിനുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ പാര്‍ട്ടിയാണെന്ന് പറഞ്ഞ് ബി ജെ പി പ്രവേശനം കേരളത്തില്‍ ഇല്ലാതാക്കി. എന്നാല്‍, ഏതു വിശ്വാസിക്കും ചേരാന്‍ പറ്റിയ പാര്‍ട്ടിയാണ് ബി.ജെ.പി എന്നു തനിക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന തറപ്പിച്ചുപറഞ്ഞ പിസി ജോര്‍ജ്ജ് രാജ്യത്ത് 500 ന് മുകളില്‍ ആളുകള്‍ പോയിട്ടുണ്ടെന്നും ഇതില്‍ 40 ഓളം പേരെ താന്‍ തിരികെ കൊണ്ടു വന്നിട്ടുണ്ടെന്നും അവകാശപ്പെട്ടു.

അതേസമയം, അനില്‍ ആന്റണി വിഷയത്തിലും പ്രതികരിച്ച പി.സി ജോര്‍ജ്ജ് അനില്‍ സ്ഥാനാര്‍ത്ഥിയായ ശേഷം ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാല്‍ അനിലിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും വ്യക്കമാക്കി.