
ഗാസ സിറ്റി: ഗാസയിലെ ഏറ്റവും വലിയ രണ്ട് ആശുപത്രികളില്‍ നിന്നായി നൂറുകണക്കിന് മൃതദേഹങ്ങള്‍ അടങ്ങിയ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തന്നെ ഭയപ്പെടുത്തിയെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക്.
ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങിയതിന് ശേഷം കഴിഞ്ഞയാഴ്ച ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രി സമുച്ചയത്തിന് പുറത്തുനിന്നും നിന്ന് പലസ്തീന്‍ സിവില്‍ ഡിഫന്‍സ് ടീമുകള്‍ കൂട്ടക്കുഴിമാടങ്ങളില്‍ നിന്നായി നിരവധി മൃതദേഹങ്ങള്‍ പുറത്തെടുത്തത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം 35 മൃതദേഹങ്ങള്‍ ഉള്‍പ്പെടെ കഴിഞ്ഞ ആഴ്ചയില്‍ 310 മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തിയതായി പലസ്തീന്‍ അധികൃതര്‍ അറിയിച്ചു.
മരിച്ചവരില്‍ പ്രായമായവരും സ്ത്രീകളും മുറിവേറ്റവരും ഉണ്ടായിരുന്നുവെന്നും പലരുടേയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല, മൃതദേഹങ്ങള്‍ ആഴത്തില്‍ കുഴിച്ചിടുകയും മാലിന്യംകൊണ്ട് മൂടപ്പെട്ട നിലയിലായിരുന്നുവെന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
‘അവരില്‍ ചിലരുടെ കൈകള്‍ കെട്ടിയിരുന്നു, ഇത് തീര്‍ച്ചയായും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങളെ സൂചിപ്പിക്കുന്നുവെന്നും ഇവ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്’യുഎന്‍ മനുഷ്യാവകാശ വിഭാഗം വ്യക്തമാക്കി.
ഇസ്രായേല്‍ സൈന്യം നീണ്ട ഉപരോധത്തിന് ശേഷം പിന്‍വാങ്ങിയതിന് ശേഷം ഈ മാസം ആദ്യം ഗാസ സിറ്റിയിലെ ഷിഫ ആശുപത്രി വളപ്പില്‍ ഒന്നിലധികം കൂട്ട ശവക്കുഴികള്‍ കണ്ടെത്തിയതായി ഫലസ്തീന്‍ റെസ്‌ക്യൂ ടീമുകളും യുഎന്നില്‍ നിന്നുള്ള നിരവധി നിരീക്ഷണ ദൗത്യങ്ങളുമാണ് പുറംലോകത്തെ അറിയിച്ചത്.
എന്നാല്‍ ഇത് തങ്ങള്‍ ചെയ്തതല്ലെന്നും അവിടെയുണ്ടായിരുന്ന മൃതദേഹങ്ങള്‍ പരിശോധിച്ച് തിരിച്ച് അവിടെത്തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്.












