ഹസന്‍ നസ്‌റല്ലയുടെ മരണത്തില്‍ ആരും വിലപിക്കുന്നില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ ജോണ്‍ കിര്‍ബി

ന്യൂയോര്ക്ക്: വെള്ളിയാഴ്ച രാത്രി ലെബനനിലെ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയ മുതിര്‍ന്ന ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റല്ലയുടെ മരണത്തില്‍ ആരും വിലപിക്കുന്നില്ലെന്ന് യുഎസ്‌ ദേശീയ സുരക്ഷാ കമ്മ്യൂണിക്കേഷന്‍സ് ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി.

ഹിസ്ബുള്ളയുടെ കമാന്‍ഡ് ഘടനയില്‍ ഭൂരിഭാഗവും ഇപ്പോള്‍ തുടച്ചുനീക്കപ്പെട്ടുവെന്നും ഇതൊരു തീവ്രവാദ സംഘടനയാണെന്നും ആളുകള്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. ഈ നേതൃത്വ ശൂന്യത നികത്താന്‍ അവര്‍ എന്താണ് ചെയ്യുന്നതെന്ന് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും കിര്‍ബി വ്യക്തമാക്കി.

1992 മുതല്‍ ഹിസ്ബുള്ളയുടെ തലവനായിരുന്നു നസ്റല്ല, ‘എക്‌സിസ് ഓഫ് റെസിസ്റ്റന്‍സ്’ എന്ന് വിളിക്കപ്പെടുന്ന അനൗദ്യോഗിക ഇറാന്‍ നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിലെ ഏറ്റവും പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു. ഹിസ്ബുള്ള നേതാക്കളെ ഉന്മൂലനം ചെയ്യാനും ഇസ്രായേലിലേക്കുള്ള റോക്കറ്റുകളുടെ ആക്രമണം തടയാനും ലക്ഷ്യമിട്ടുള്ള സ്‌ഫോടന പരമ്പരയിലെ ഏറ്റവും പുതിയതാണ് അദ്ദേഹത്തെ വധിച്ച ഇസ്രായേലി വ്യോമാക്രമണം.