
യു.എസ് പൗരത്വം നേടാന്‍ ആഗ്രഹിക്കുന്ന മതിയായ രേഖയില്ലാത്തവര്‍ക്കായി പുതിയ വഴി തുറക്കുന്നു. 2024 ഓഗസ്റ്റ് 19ന്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) ‘പൗരത്വത്തിലേക്കുള്ള പാത’ എന്ന പേരിലാണ് 5.5 ലക്ഷം താമസക്കാര്‍ക്ക് പൗരത്വത്തിലേക്കുള്ള പുതിയ വഴി തുറക്കുന്നത്.
യുഎസ് ഇമിഗ്രേഷന്‍ നയത്തില്‍ കാര്യമായ മാറ്റത്തെ അടയാളപ്പെടുത്തുന്നതാണ് പുതിയ നീക്കം. അമേരിക്കന്‍ പൗരന്മാരുടെ രേഖകളില്ലാത്ത 500,000 വിദേശ പങ്കാളികള്‍ക്കും 5000 കുട്ടികള്‍ക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇവര്‍ക്ക് സ്ഥിരതാമസത്തിലേക്കും ആത്യന്തികമായി പൗരത്വത്തിലേക്കും വ്യക്തമായ വഴി നല്‍കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഈ ഉദ്യമത്തിന്റെ ഭാഗമായി ഇമിഗ്രേഷന്‍ പരോള്‍ നടപ്പിലാക്കുന്നു. ഇത് പൗരന്മാരല്ലാത്തവരെ നാടുകടത്തല്‍ ഭയമില്ലാതെ അമേരിക്കയില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നു.
ഈ പദ്ധതിയുടെ ഭാഗമാകാന്‍ യോഗ്യത നേടുന്നതിന്, അപേക്ഷകര്‍ യുഎസില്‍ കുറഞ്ഞത് ഒരു ദശാബ്ദമെങ്കിലും തുടര്‍ച്ചയായി താമസിക്കണമെന്നും, ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരിക്കരുതെന്നും, ദേശീയ സുരക്ഷയ്ക്കോ പൊതു സുരക്ഷയ്ക്കോ യാതൊരു ഭീഷണിയുമുണ്ടാക്കരുതെന്നും ഉള്‍പ്പെടെ നിരവധി കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കണം. പദ്ധതിയുടെ ഭാഗമായ പ്രക്രിയയിലൂടെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍, യോഗ്യരായ വ്യക്തികള്‍ക്ക് പരോള്‍ പദവിക്ക് അപേക്ഷിക്കാം, തുടര്‍ന്ന് അവര്‍ക്ക് യുഎസില്‍ ജീവിക്കാനും ജോലി ചെയ്യാനും നിയമപരമായ അംഗീകാരം നല്‍കും. രാജ്യം വിട്ടുപോകാതെ തന്നെ തന്നെ ഗ്രീന്‍ കാര്‍ഡ് എന്ന് പൊതുവെ അറിയപ്പെടുന്ന, നിയമാനുസൃതമായ സ്ഥിരതാമസാവകാശം നേടുന്നതിനായി ശ്രമിക്കാം.
അമേരിക്കന്‍ പൗരന്മാരുടെ വിദേശത്തുനിന്നുള്ള പങ്കാളികള്‍ മതിയായ രേഖകളില്ലാതെയും പൗരത്വമില്ലാതെയും രാജ്യത്ത് തുടര്‍ന്നാല്‍ നടപടി നേരിടേണ്ടി വരുമെന്നും വേര്‍പിരിയേണ്ടി വരുമെന്നുമുള്ള വലിയ ഭയത്തിലായിരുന്നു. ഈ ഭയത്തിനാണ് പുതിയ പദ്ധതി ആശ്വാസമാകുന്നത്. മാത്രമല്ല, രേഖകളില്ലാത്ത വ്യക്തികളെ വീടുകളില്‍ നിന്നും പുറത്തുവരാനും നിയമപരമായ സ്ഥാനം നേടാനും അമേരിക്കന്‍ കമ്മ്യൂണിറ്റിയില്‍ പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ട അംഗങ്ങളാകാനും പുതിയ അപ്‌ഡേറ്റ് അനുവദിക്കുന്നു.









