
ഗുവാഹത്തി: രാത്രിയിൽ പെൺകുട്ടികൾ പുറത്തിറങ്ങരുതെന്ന വിവാദ ഉത്തരവുമായി അസം മെഡിക്കൽ കോളേജ്. ബംഗാളിൽ പി ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സംഭവം. വനിതാ ഡോക്ടർമാരും ജീവനക്കാരും രാത്രിസമയത്ത് മെഡിക്കൽ കോളജ് കാമ്പസിൽ അലഞ്ഞുതിരിയരുതെന്ന് അസമിലെ സിൽചർ മെഡിക്കൽ കോളജ് സർക്കുലർ പുറത്തിറക്കി. കോളേജ് പ്രിൻസിപ്പലും ചീഫ് സൂപ്രണ്ടുമായ ഡോ ഭാസ്കർ ഗുപ്തയാണ് ഉത്തരവിറക്കിയത്. മുൻകൂട്ടി വിവരം അറിയിച്ചതിന് ശേഷം മാത്രമേ രാത്രി സമയത്ത് ഹോസ്റ്റലിൽ നിന്നും പുറത്ത് പോകാവൂവെന്നും നിർദേശിച്ചു.
ഹോസ്റ്റലിൽ താമസിക്കുന്നവർ അവിടത്തെയും കോളജിലേയും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വിളിക്കാനായുള്ള എമർജൻസി നമ്പറുകൾ ഫോണിൽ സൂക്ഷിക്കണം. പ്രശ്നം നേരിട്ടാൽ ഉടൻ ജൻഡർ ഹരാസ്മെന്റ് കമിറ്റിയുടെ ചെയർമാനേയൊ അംഗങ്ങളേയോ വിവരമറിയിക്കണം.
ആഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു രാജ്യത്തെ നടുക്കി പി ജി വിദ്യാര്‍ത്ഥിനിയായ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആർജി കർ മെഡിക്കൽ കോളേജ് ആന്റ് ആശുപത്രിയിലായിരുന്നു ക്രൂരമായ കൊലപാതകം. സംഭവത്തില്‍ സഞ്ജയ് റോയ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു.
women student not going out side on night, assam medical college ordered










