വിദ്യാഭ്യാസത്തിന് അടിയന്തര മുൻഗണന നൽകണം; സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വിവരങ്ങൾ തേടി സിജെപി

ന്യൂഡൽഹി: സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപക ഒഴിവുകൾ, ഫണ്ട് വിനിയോഗം എന്നിവ സംബന്ധിച്ച സംസ്ഥാനതല വിവരങ്ങൾ തേടി എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർക്ക് കത്ത് നൽകി കോക്ക്റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകനും കൺവീനറുമായ അഭിജീത് ദിപ്കെ.

സർക്കാർ സ്കൂളുകളിൽ കുടിവെള്ളം, പ്രവർത്തനക്ഷമമായ ക്ലാസ് മുറികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയ ദിപ്കെ, പൊതുവിദ്യാഭ്യാസത്തിന്റെ അവസ്ഥയ്ക്ക് അടിയന്തര മുൻഗണന നൽകണം എന്ന് വിദ്യാഭ്യാസ മന്ത്രിമാരോട് ആവശ്യപ്പെട്ടു.

രാജ്യത്തെ സർക്കാർ സ്കൂളുകളുടെ മോശം അവസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും ഇത് ജനങ്ങളെ ഗൗരവമായി ആശങ്കപ്പെടുത്തേണ്ടതാണെന്നും ദിപ്കെ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾ എങ്ങനെയാണ് പഠിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

വിദ്യാഭ്യാസത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾക്കായി പോലും കുട്ടികൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ രാജ്യം എങ്ങനെ പുരോഗമിക്കുമെന്ന് പ്രതീക്ഷിക്കാനാകും? എന്ന് ചോദിച്ച ദീപ്കെ, രാജ്യത്തെ സർക്കാർ സ്കൂളുകളുടെ നിലവാരം യുദ്ധകാലാടിസ്ഥാനത്തിൽ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

NEET പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് വിദ്യാർഥികൾ നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ച സംഭവത്തിന് ശേഷം CJP ഇപ്പോൾ സർക്കാർ സ്കൂളുകളെ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുന്നത്. ഈ മാസം ആദ്യം സംഘടന ‘സ്കൂൾ തിക്ക് കറോ’ എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ സ്കൂളുകൾ CJP സംഘങ്ങൾ സന്ദർശിച്ച് പരിശോധന നടത്തിവരികയാണ്.

ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 80 വർഷം പിന്നിട്ടിട്ടും പല സർക്കാർ സ്കൂളുകളിലും സുരക്ഷിതമായ കുടിവെള്ളം, പ്രവർത്തനക്ഷമമായ ശുചിമുറികൾ, മതിയായ ക്ലാസ് മുറികൾ, കുട്ടികൾക്ക് ഇരിക്കാൻ ബെഞ്ചുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് ദിപ്കെ ചൂണ്ടിക്കാട്ടി.

പ്രശ്നം പരിഹരിക്കുന്നതിന് മുമ്പ് നിലവിലെ സാഹചര്യം എന്താണെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അതിനാൽ താഴെപ്പറയുന്ന വിവരങ്ങൾ പരസ്യമായി നൽകണമെന്ന് നിങ്ങളുടെ മന്ത്രാലയത്തോട് അഭ്യർഥിക്കുന്നുവെന്ന് കത്തിൽ ദിപ്കെ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എത്ര സർക്കാർ സ്കൂളുകൾ നവീകരിച്ചുവെന്നും നിലവിൽ എത്ര സ്കൂളുകൾക്ക് അറ്റകുറ്റപ്പണിയോ പൂർണ നവീകരണമോ ആവശ്യമുണ്ടെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ അനുവദിച്ച അധ്യാപക തസ്തികകൾ, നിലവിലുള്ള അധ്യാപക ഒഴിവുകൾ, കഴിഞ്ഞ അഞ്ച് വർഷത്തെ ഫണ്ട് അനുവദിക്കലും ചെലവഴിക്കലും സംബന്ധിച്ച വിവരങ്ങളും തേടി.

ഓരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ എത്ര പുതിയ സർക്കാർ സ്കൂളുകൾ ആവശ്യമാണ്, അധ്യാപകർക്ക് അധ്യാപനത്തിന് പുറമെ എന്തെല്ലാം ചുമതലകൾ നൽകുന്നുണ്ട്, എത്ര സ്കൂളുകളിൽ കമ്പ്യൂട്ടർ-ഡിജിറ്റൽ പഠന സൗകര്യങ്ങൾ, വൃത്തിയുള്ള ശുചിമുറികൾ, കായിക സൗകര്യങ്ങൾ എന്നിവ ലഭ്യമാണ് തുടങ്ങിയ വിവരങ്ങളും ദിപ്കെ ആവശ്യപ്പെട്ടു.

ഈ ക്യാമ്പയിൻ രാഷ്ട്രീയത്തിനോ ഏതെങ്കിലും ഒരു സർക്കാരിനോ എതിരായുള്ളതല്ലെന്നും കുട്ടികളുടെ ഭാവിയെ കേന്ദ്രീകരിച്ചുള്ളതാണെന്നും ദിപ്കെ വ്യക്തമാക്കി. കുട്ടി എവിടെ ജനിച്ചുവെന്നതോ മാതാപിതാക്കളുടെ വരുമാനം എത്രയാണെന്നതോ പരിഗണിക്കാതെ ഓരോ കുട്ടിക്കും സുരക്ഷിതമായ ക്ലാസ് മുറിയും ശുദ്ധമായ കുടിവെള്ളവും പ്രവർത്തനക്ഷമമായ ശുചിമുറിയും ഇരിക്കാൻ ഒരു ബെഞ്ചും പഠിപ്പിക്കാൻ ഒരു അധ്യാപകനും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഒരു കുട്ടിക്കും അന്തസ്സോടെയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടാത്ത തരത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാരുകളോട് ദിപ്കെ ആവശ്യപ്പെട്ടു.

Cockroach Janta Party founder and convenor Abhijeet Dipke on Monday wrote to education ministers of all states, seeking data on government school infrastructure, teacher vacancies and funding.

More Stories from this section

family-dental
witywide