ജൂലൈ 25-ന് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ച് ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങി കോക്ക്റോച്ച് ജനതാ പാർട്ടി (CJP). സെപ്റ്റംബർ അഞ്ചിന് ദില്ലി ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് സി.ജെ.പി. സമാധാനപരമായ മാർച്ച് പ്രഖ്യാപിച്ചു. നീറ്റ് (NEET) ക്രമക്കേടുകളെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളും പോലീസ് അതിക്രമത്തിന് ഇരയായവരും മാർച്ചിൽ മുൻനിരയിലുണ്ടാകും. രാജ്യത്തെ വിദ്യാർത്ഥികളോടും വിവിധ യുവജന സംഘടനകളോടും പ്രക്ഷോഭത്തിൽ അണിചേരാൻ സി.ജെ.പി. ദേശീയ വർക്കിംഗ് കമ്മിറ്റി ആഹ്വാനം ചെയ്തു.
യുവജന പ്രതിഷേധങ്ങളെ തുടർന്ന് ജൂലൈ 25-ന് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ സർക്കാർ സമയം നീട്ടിക്കൊണ്ടുപോകുകയാണെന്ന് സി.ജെ.പി. കുറ്റപ്പെടുത്തി. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നപ്പോൾ പോലും എഫ്.ഐ.ആറുകളുടെ വിവരങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. സർക്കാരിന് കത്തെഴുതി നൽകിയ രേഖാമൂലമുള്ള ഉറപ്പും ഇതുവരെ ലഭിച്ചിട്ടില്ല. സർക്കാരിന്റെ ഈ വഞ്ചനാപരമായ നിലപാടാണ് വീണ്ടും തെരുവിലിറങ്ങാൻ തങ്ങളെ നിർബന്ധിതരാക്കിയതെന്ന് സംഘടന വ്യക്തമാക്കി.
അടുത്ത മാസം ദില്ലിയിൽ വെച്ച് പ്രമുഖ രാഷ്ട്രത്തലവന്മാർ പങ്കെടുക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടി നടക്കാനിരിക്കെയാണ് സി.ജെ.പി. വൻ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസം 12, 13 തീയതികളിലാണ് ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്. നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ള ഉച്ചകോടിക്ക് തൊട്ടുമുമ്പ് തലസ്ഥാനത്ത് നടക്കുന്ന ഈ യുവജന മുന്നേറ്റം കേന്ദ്ര സർക്കാരിന് വലിയ തലവേദനയായി മാറും.
CJP Announces India Gate to Delhi Police HQ March on September 5 Over Unfulfilled Promises










