
ഒരു ബിസിനസിൽ മുതൽ മുടക്കുമ്പോൾ, നിക്ഷേപം നടത്തുമ്പോൾ, അമേരിക്കൻ സമൂഹത്തെയും അവിടുത്തെ തൊഴിലാളി വർഗത്തെയും വളരാൻ പിന്തുണയ്ക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജെ ഡി വാൻസ് പലകുറി ആവർത്തിച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് കൃഷിക്കും ഈസ്റ്റേൺ കെൻ്റക്കിയിലെ തൊഴിലാളികൾക്കും ഹൈടെക് ഭാവി വാഗ്ദാനം ചെയ്യുന്ന ആപ്പ്ഹാർവെസ്റ്റ് എന്ന സ്റ്റാർട്ടപ്പിൽ താൻ നിക്ഷേപം നടത്തിയതെന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. നാല് വർഷത്തെ കാലയളവിൽ, ഇൻഡോർ-അഗ്രികൾച്ചർ കമ്പനിയുടെ ആദ്യകാല നിക്ഷേപകനും ബോർഡ് അംഗവും പൊതു പിച്ച്‌മാനും ആയിരുന്നു വാൻസ്.
“ഇത് ഒരു നല്ല നിക്ഷേപ അവസരം മാത്രമല്ല, ലോകത്തിൽ വലിയ മാറ്റമുണ്ടാക്കുന്ന ഒരു മികച്ച ബിസിനസ്സാണ്,” 2021 ഫെബ്രുവരിയിൽ കമ്പനി പൊതുരംഗത്ത് എത്തിയ ദിവസം ഫോക്സ് ബിസിനസ് അഭിമുഖത്തിൽ വാൻസ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം, ദശലക്ഷക്കണക്കിന് ഡോളർ കടം നേരിടുന്ന, ആപ്പ്ഹാർവെസ്റ്റ് പാപ്പരത്തം പ്രഖ്യാപിച്ചു. കമ്പനിയുടെ ഉയർച്ചയും തകർച്ചയും അതിൽ വാൻസിൻ്റെ പങ്കും, തൊഴിലാളിവർഗത്തിന്റെ ചാമ്പ്യൻ എന്ന അദ്ദേഹത്തിൻ്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുന്നതാണ്.
ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ശേഷം ആപ്പ്ഹാർവെസ്റ്റ് ഒരു ബിസിനസ്സ് എന്ന നിലയിൽ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, വാൻസ് സഹായിക്കുമെന്ന് പ്രതിജ്ഞയെടുത്ത അതേ തൊഴിലാളിവർഗത്തിന് ഒരു ഭീകരമായ തൊഴിൽ അനുഭവമാണ് പ്രദാനം ചെയ്തതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
കമ്പനിയുടെ ഗ്രീൻഹൌസിനുള്ളിലെ കഠിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരായതായി ജീവനക്കാർ പറഞ്ഞു. അതിനകത്ത് താപനില പലപ്പോഴും മൂന്നക്കത്തിലേക്ക് ഉയർന്നു. 2020 നും 2023 നും ഇടയിൽ യുഎസ് തൊഴിൽ വകുപ്പിനും കെൻ്റക്കി റെഗുലേറ്ററിനും സമർപ്പിച്ച പരാതികളിൽ, തങ്ങൾക്ക് വേണ്ടത്ര വാട്ടർ ബ്രേക്കുകൾ നൽകിയില്ലെന്നും മതിയായ സുരക്ഷാ സംവിധാനങ്ങൾ നൽകിയിട്ടില്ലെന്നും തൊഴിലാളികൾ ആരോപിച്ചു. സംസ്ഥാന ഇൻസ്പെക്ടർമാർ ലംഘനങ്ങൾ കണ്ടെത്തിയില്ലെങ്കിലും ചൂട് മൂലം ക്ഷീണമോ പരുക്കോ അനുഭവപ്പെട്ടതായി ചില തൊഴിലാളികൾ പറഞ്ഞു.
പ്രാദേശികർക്ക് ജോലികൾ വാഗ്ദാനം ചെയ്തെങ്കിലും, കമ്പനി ഒടുവിൽ മെക്സിക്കോ, ഗ്വാട്ടിമാല, മറ്റ് രാജ്യങ്ങളിൽ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ കരാറിൽ ജോലിക്കെടുക്കാൻ തുടങ്ങിയതായും മുൻ ജീവനക്കാർ സിഎൻഎന്നിനോട് പറഞ്ഞു.
വാൻസ് ആപ്പ്ഹാർവെസ്റ്റിൻ്റെ ബോർഡിൽ നിന്ന് ഇറങ്ങി 2021 ൽ തൻ്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചപ്പോഴും, അദ്ദേഹം കമ്പനിയുടെ നിക്ഷേപകനും സഹയാത്രികനുമായിരുന്നു. കഴിഞ്ഞ വർഷം അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സമയത്ത്, കമ്പനി കൂടുതൽ ദുർബലമായ അവസ്ഥയിലേക്ക് നീങ്ങി. കമ്പനി ഉദ്യോഗസ്ഥർ പൊതുജനങ്ങളെയും സ്വന്തം നിക്ഷേപകരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന മുന്നറിയിപ്പ് സൂചനകൾ വാൻസും മറ്റ് ബോർഡ് അംഗങ്ങളും തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യണമെന്ന് കരുതുന്നതായി നിരവധി മുൻ ജീവനക്കാർ പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.










