ഇന്ത്യയ്ക്കായി കൈകോര്‍ത്ത് രാഷ്ട്രീയപാര്‍ട്ടികള്‍; ഓപ്പറേഷന്‍ സിന്ദൂറിലൂടെ 100 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് രാജ്‌നാഥ് സിങ്, സര്‍വ്വകക്ഷിയോഗം അവസാനിച്ചു

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സര്‍വകക്ഷി യോഗത്തില്‍ വിശദീകരിച്ചു. പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരപരിശീലന ക്യാംപുകളാണ് ഇന്ത്യ തകര്‍ത്തത്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേരിട്ട സൈനിക നടപടികളെ കുറിച്ച് വിശദീകരിക്കുന്ന സര്‍വകക്ഷിയോഗമാണ് ഇന്ന് നടന്നത്.

‘പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എല്ലാ നേതാക്കളും അവരുടെ നിര്‍ദ്ദേശങ്ങള്‍ നല്‍കി. നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന സമയത്ത് എല്ലാ നേതാക്കളും പക്വത കാണിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂരിന് സായുധ സേനയെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തു, കൂടാതെ സര്‍ക്കാരിനെയും സായുധ സേനയെയും പിന്തുണയ്ക്കുമെന്നും പറഞ്ഞു. ഞങ്ങള്‍ക്ക് ചില നിര്‍ദ്ദേശങ്ങളും ലഭിച്ചു… ഭരിക്കാന്‍ വേണ്ടി മാത്രമല്ല ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞതായി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

‘ഞങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കി, ഖാര്‍ഗെ ജി പറഞ്ഞത് ശരിയാണ് – ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. എല്ലാവരും പിന്തുണ നല്‍കുക മാത്രമാണ് ചെയ്തത്,’ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സര്‍വ്വകക്ഷി യോഗത്തിന് ശേഷം പിടിഐയോട് പറഞ്ഞതിങ്ങനെ.

ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, വിവിധ കക്ഷി നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Also Read

More Stories from this section

family-dental
witywide