
കോഴിക്കോട്: കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പോകവേ കേരളത്തീരത്ത് വെച്ച് അപകടത്തിൽപ്പെട്ട വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലില്‍ നിന്നും ജീവന്‍രക്ഷാര്‍ത്ഥം കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തി. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത്. 4 പേരെ കാണാനില്ലെന്നും റിപ്പോർട്ട്. പ്രദേശത്ത് ഇന്ത്യൻ നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും സംഘം രക്ഷാപ്രവർത്തനം നടത്തുകയാണ്. ഐഎൻഎസ് സൂറത്ത് ഉടൻ സ്ഥലത്തേക്ക് എത്തും.
ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങൾക്ക് സമീപമാണ് സംഭവം. അപകടത്തിൽപ്പെട്ട കപ്പലിൽ ഇന്ത്യാക്കാരില്ലെന്നും ചൈനീസ്, മ്യാൻമർ, ഇന്തോനേഷ്യൻ, തായ്‌ലാന്‍ഡ് സ്വദേശികളാണ് ഉണ്ടായിരുന്നതെന്നുമാണ് വിവരം. 22 പേരാണ് കപ്പിലുണ്ടായിരുന്നതെന്നും തീപിടത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും കുറച്ച് കണ്ടെയ്നർ വെള്ളത്തിലേക്ക് വീണിട്ടുണ്ടെന്നും അതിന്റെ ഉള്ളിലെ വസ്തുക്കളുടെ സ്വഭാവം അറിയില്ലെന്നും ഡിഫൻസ് പിആർഒ അതുൽപിള്ള അറിയിച്ചു.
കപ്പലിൽ 650 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നുവെന്നും 50 കണ്ടെയ്നറുകൾ കത്തിനശിച്ചതായുമാണ് വിവരം. ഫീഡർ കപ്പലാണെന്ന് സൂചന. കോഴിക്കോട് തീരത്ത് നിന്നും 144 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ഉൾക്കടലിലാണ് അപകടം.












