ലോകം ഉറ്റുനോക്കുന്നു, വ്ലാദിമിർ പുടിൻ ഇന്ത്യയിൽ, നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി, ഇനി നിർണായക ചർച്ചകൾ

ന്യൂഡൽഹി: 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തി. വൈകിട്ട് 6.35 ഓടെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ പുടിനെ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. 2021 ന് ശേഷം പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനം കൂടിയാണിത്; യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ഔദ്യോഗിക യാത്രയെന്ന പ്രത്യേകതയുമുണ്ട്.

പുടിന്‍റെ ഇന്ത്യാ സന്ദർശനത്തിന് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. 26-27 മണിക്കൂർ പുടിൻ ഇന്ത്യയിൽ ചെലവഴിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ‘രഹസ്യ കൂടിക്കാഴ്ച’ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു യോഗത്തോടെയാണ് റഷ്യൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം ആരംഭിക്കുന്നത്. മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റഷ്യൻ പ്രസിഡന്റ് വ്ളാദിമിര്‍ പുടിൻ എന്നിവർ മാത്രം പങ്കെടുക്കുന്ന സുപ്രധാന യോ​ഗമാണ് ആദ്യം നടക്കുക. 2024 ജൂലൈയിൽ മോസ്കോ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്രെംലിനിൽ സംഘടിപ്പിച്ച സ്വകാര്യ യോ​ഗത്തിന്റെ ശൈലിയിലാണ് കൂടിക്കാഴ്ച നടക്കുകയെന്നാണ് വിവരം.

പ്രതിരോധം, വ്യാപാരം, എണ്ണ ഇറക്കുമതി തുടങ്ങിയ മേഖലകളിൽ നിരവധി കരാറുകൾ ഒപ്പുവെക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുരാജ്യങ്ങളും. ഇന്ന് രാത്രി പ്രധാനമന്ത്രി മോദി പുടിന് സ്വകാര്യ അത്താഴ വിരുന്ന് നൽകും. നാളെ രാവിലെ 11 മണിക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്ഘട്ടിൽ ഗാന്ധിജിയ്ക്ക് ആദരമർപ്പിച്ച ശേഷം ഹൈദരാബാദ് ഹൗസിലെത്തുന്ന പുടിന്‍ മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും.

പുതിയ ആയുധ കരാറുകൾ ഈ സന്ദർശന വേളയിൽ ഉണ്ടാകില്ലെങ്കിലും സുഖോയ്-57, എസ്-400 തുടങ്ങിയ പദ്ധതികളിൽ പുരോഗതി വിലയിരുത്തുമെന്നാണ് സൂചന. വ്യാപാര പ്രമുഖരടങ്ങുന്ന വലിയ സംഘവും പുടിനൊപ്പമെത്തിയിട്ടുണ്ട്. ഉച്ചകോടിക്ക് ശേഷം ഇരു നേതാക്കളും സംയുക്ത പ്രസ്താവന ഇറക്കുമെന്നും അറിയുന്നു.

Also Read

More Stories from this section

family-dental
witywide