
തന്റെ മണ്ഡലമായ അമ്പലപ്പുഴയിൽ മുൻകൂട്ടി അറിയിക്കാതെ സന്ദർശനം നടത്തിയെന്ന ജി. സുധാകരൻ എം.എൽ.എ.യുടെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി കുട്ടനാട് എം.എൽ.എ. റെജി ചെറിയാൻ. താൻ ആരുടെയും കയ്യിൽ നിന്ന് എഴുതിവാങ്ങിയല്ല, മറിച്ച് കുട്ടനാട്ടിലെ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചതുകൊണ്ടാണ് എം.എ.എ. ആയതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ചത് മണ്ണ് വാരിക്കൊണ്ടുപോകാനല്ലെന്നും, അവിടുത്തെ പൊഴി തുറന്നുകിടക്കുകയാണോ എന്ന് പരിശോധിക്കാനും കുട്ടനാടിന്റെ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാനുമാണ്. എഞ്ചിനീയറെ അടക്കം കൂടെക്കൂട്ടിയാണ് താൻ അവിടെ പോയതെന്നും, ഒരു ജനപ്രതിനിധിയെന്ന നിലയിൽ അതിനുള്ള പൂർണ്ണമായ അവകാശം തനിക്കുണ്ടെന്നും റെജി ചെറിയാൻ വ്യക്തമാക്കി.
ജി. സുധാകരൻ ഇപ്പോഴും എം.എൽ.എ.മാരുടെ രാജാവാകാനോ അതോ കമ്മ്യൂണിസ്റ്റ് പാർട്ടിയിലാണെന്ന രീതിയിലോ ആണ് പെരുമാറുന്നതെന്നും എന്നാൽ താൻ യു.ഡി.എഫിലാണ് എന്ന കാര്യം അദ്ദേഹം മനസ്സിലാക്കണമെന്നും റെജി ചെറിയാൻ പരിഹസിച്ചു. ജി. സുധാകരൻ മുൻപ് മന്ത്രിയായിരുന്ന കാലത്ത് അവിടുന്ന് കരിമണൽ കൊണ്ടുപോയിരുന്നുവെന്നും ആ മണ്ണ് എങ്ങോട്ടാണ് പോയതെന്ന് അന്നത്തെ ഭരണാധികാരികൾക്ക് തന്നെയാണ് അറിയാവുന്നതെന്നും അദ്ദേഹം തിരിച്ചടിച്ചു. താൻ നാലും അഞ്ചും പെൻഷൻ വാങ്ങി കറങ്ങിനടക്കുന്ന ആളല്ലെന്നും, 47 മുതൽ 50 ഡിഗ്രി വരെ ചൂടിൽ കഠിനാധ്വാനം ചെയ്താണ് തന്റെ പ്രസ്ഥാനം കെട്ടിപ്പടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ ബാർ ഹോട്ടലിനെക്കുറിച്ച് സുധാകരൻ നടത്തിയ പരാമർശങ്ങൾക്കും റെജി ചെറിയാൻ കൃത്യമായ മറുപടി നൽകി. അവിടെ ആരെങ്കിലും കള്ളുകുടിക്കാൻ വന്നിട്ടുണ്ടെങ്കിൽ അതിന്റെ പ്രയോജനം ആ പാർട്ടിക്ക് ഉണ്ടായിട്ടുണ്ടാകും. സ്നേഹവും ബഹുമാനവും തന്നാൽ താൻ കൂടെ നിൽക്കുമെന്നും എന്നാൽ വ്യക്തിഹത്യ ചെയ്യാൻ നോക്കിയാൽ അതിന്റെ മൂന്നിരട്ടിയായി തിരിച്ചും പറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. താൻ നാല് പാർട്ടി മാറി വന്നവനാണെന്ന ആക്ഷേപം തെറ്റാണെന്നും രണ്ട് പാർട്ടിയിൽ മാത്രമാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും വ്യക്തമാക്കിയ അദ്ദേഹം, കുട്ടനാടിന്റെ ആവശ്യങ്ങൾക്ക് വേണ്ടി എവിടെയും സധൈര്യം നിലകൊള്ളുമെന്നും ഓർമ്മിപ്പിച്ചു.
Ambalappuzha Dispute: Kuttanad MLA Reji Cheriyan Gives Strong Reply to G Sudhakaran’s Criticism














