
കാരണങ്ങള്‍ പലതാകാം, പക്ഷേ ശരിയായ ഉറക്കം കിട്ടാത്തത് പലരിലും വലിയ ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാം. വെറും മൂന്നു ദിവസത്തെ ഉറക്കക്കുറവ് പോലും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ദീര്‍ഘകാലമായി ഉറക്കക്കുറവുണ്ടെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഹൃദയാഘാതം, പൊണ്ണത്തടി, പ്രമേഹം, പക്ഷാഘാതം എന്നിവയുള്‍പ്പെടെ വിവിധ ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടാകും.
സ്വീഡനിലെ ഉപ്‌സല സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ ഭക്ഷണരീതി, വ്യായാമം, സമ്മര്‍ദം തുടങ്ങിയവയ്ക്കൊപ്പം ഉറക്കത്തിനും ഹൃദ്രോ ഗവുമായി വലിയ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നു. നിസാരമെന്നു തോന്നാമെങ്കിലും വെറും മൂന്നുദിവസത്തെ ഉറക്കക്കുറവ് പോലും യുവാക്കളിലും ആരോഗ്യകരമായ ശരീരമുള്ളവരിലും ഹൃദ്രോഗസാധ്യത കൂട്ടുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.
ഉറക്കക്കുറവും ഹൃദ്രോഗ സാധ്യതയും പ്രായമായവരിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ചെറുപ്പക്കാരിലുള്ള പഠനഫലം ഞെട്ടിക്കുന്നതാണ്. യുവാക്കളിലും ആരോഗ്യമുള്ളവരിലും ഉറക്കക്കുറവ് ഹൃദ്രോഗസാധ്യത കൂട്ടുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ജൊനാഥന്‍ സെഡെര്‍നസ് പറഞ്ഞു.

ഭക്ഷണരീതി, വ്യായാമം തുടങ്ങിയവ നിരീക്ഷിച്ചാണ് പഠനത്തില്‍ പങ്കെടുത്തവരുടെ ആരോഗ്യം വിലയിരുത്തിയത്. ഉറക്കക്കുറവ് നേരിട്ടവരില്‍ വൈജ്ഞാനിക അപചയം, പ്രതിരോധശേഷിയിലെ മാറ്റം, മാനസികാവസ്ഥ തകരാറിലാവുക, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവ കണ്ടെത്തി. ഉറക്കക്കുറവ് നേരിട്ടവരില്‍ രാത്രികള്‍ക്കു ശേഷം ശരീരത്തില്‍ വീക്കമുണ്ടാവുന്നതായി കണ്ടെത്തി. ഇത് കൂടുംതോറും രക്തധമനികള്‍ക്ക് ക്ഷതം സംഭവിക്കുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. ഉറക്കക്കുറവ് മൂലമുണ്ടാകുന്ന പല പ്രതികൂലസാഹചര്യങ്ങളേയും ഒരുപരിധിവരെ വ്യായാമത്തിലൂടെ മറികടക്കാനാവുമെന്നും ഗവേഷകര്‍ പറയുന്നുണ്ട്. എന്നാല്‍ ഉറക്കത്തെ പാടേ അവഗണിച്ച് വ്യായാമത്തിലൂടെ എല്ലാം ശരിയാക്കാമെന്ന് കരുതരുത്.