
ന്യൂഡൽഹി: യുഎഇയിലെ ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരുക്കേറ്റ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചത്. പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സയും സഹായവും ഉറപ്പാക്കാൻ യുഎഇയിലെ ഇന്ത്യൻ എംബസിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മേഖലയിൽ സമാധാനം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും ഇത്തരം പ്രകോപനങ്ങൾ അംഗീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. യുഎസ്-ഇറാൻ സംഘർഷം മുറുകുന്ന പശ്ചാത്തലത്തിൽ ഉണ്ടായ ഈ നീക്കം ഗൾഫ് മേഖലയുടെ സുരക്ഷയെ അപകടത്തിലാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.
‘‘ഫുജൈറയിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരുക്കേൽക്കാൻ ഇടയാക്കിയ ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ല. ഇത്തരം ശത്രുതാപരമായ നീക്കങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നിരപരാധികൾക്കും നേരെയുള്ള ആക്രമണങ്ങളും ഉടൻ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു’’ – വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്സിലൂടെ അറിയിച്ചു.
ആഗോള എണ്ണ വിപണിയെയും ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളെയും ബാധിക്കുന്ന ഇത്തരം ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കണമെന്നും, തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാട്. മേഖലയിലെ സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
Fujairah attack: India says it is unacceptable, takes strong stand against Iran, three Indians injured















