മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഒക്‌ടോബർ 5ന് വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആര്‍.എസ്.എസ് പരിപാടിയില്‍ മുഖ്യാതിഥിയായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായിയുടെ അമ്മയും രാഷ്ട്രീയ പ്രവർത്തകയുമായ കമൽതായ് ഗവായ് പങ്കെടുക്കും.
കമല്‍തായ് പരിപാടിയില്‍ പങ്കെടുക്കുന്നതായി ജസ്റ്റിസ് ഗവായിയുടെ സഹോദരനും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർ.പി.ഐ) നേതാവുമായ ഡോ. രാജേന്ദ്ര ഗവായ് സ്ഥിരീകരിച്ചു. ഗവായ് കുടുംബം എപ്പോഴും രാഷ്ട്രീയ പരിധികൾക്കപ്പുറം ബന്ധങ്ങൾ നിലനിർത്തുന്നവരാണെന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം, കമല്‍തായയെ പരിപാടിക്ക് ക്ഷണിച്ചിരിക്കുന്നത് ഒരു രാഷ്ട്രീയ പ്രവർത്തക എന്ന നിലയിലും, മുൻ മഹാരാഷ്ട്ര ഗവർണറും ‘ദാദാസാഹേബ് ഗവായ്’ എന്നറിയപ്പെടുന്ന രാമകൃഷ്ണ ഗവായിയുടെ ഭാര്യ എന്ന നിലയിലുമാണെന്ന് ആർ.എസ്.എസ് വൃത്തങ്ങൾ വ്യക്തമാക്കി. ഈ വര്‍ഷം ആര്‍.എസ്.എസ് രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷങ്ങളുമായി കൂടി യോജിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.














