
നെയ്റോബി: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മരിച്ചവരിൽ മലയാളികളും. അപകടത്തിൽ ആറ് പേരാണ് മരണപ്പെട്ടത്. ഇതിൽ അഞ്ച് പേരും മലയാളികളാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പാലക്കാട് മണ്ണൂർ സ്വദേശി റിയ (41) മകൾ ടൈറ (7) തൃശൂർ ഗുരുവായൂർ തൈക്കടവ് ജസ്ന കുട്ടിക്കാട്ടുചാലിൽ, മകൾ റൂഹി മെഹ്റിൻ, തിരുവല്ല സ്വദേശി ഗീത സോജി ഐസക് എന്നിവരാണ് മരിച്ച മലയാളികളെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഖത്തറില്‍ നിന്ന് കെനിയയിലേക്കു ടൂര്‍ പോയ ഇന്ത്യൻ സംഘത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലാണ് അപകടം നടന്നത്. അപകടസമയത്ത് 28 വിനോദസഞ്ചാരികളും മൂന്ന് പ്രാദേശിക ഗൈഡുകളും ഒരു ഡ്രൈവറും ആണ് ബസിലുണ്ടായിരുന്നത്. എല്ലാവർക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.
ന്യാന്‍ഡാരുവ കൗണ്ടിയിലെ ഓള് ജോറോറോക്ക്-നകുരു റോഡില്‍ ഗിച്ചാക്കയില്‍ വെച്ച് ബസ് കുഴിയിലേക്ക് മറിയുകയായിരുന്നുവെന്നു പൊലിസ് വക്താവ് മൈക്കല്‍ മുചിരി പറഞ്ഞു. ന്യാഹുരുരുവിലെ പനാരി റിസോര്‍ട്ടിലേക്ക് പോകുകയായിരുന്നു സംഘം. മലകളും കുന്നുകളുമുള്ള ഈ ഭാഗത്ത് കുത്തനെയുള്ള റോഡില്‍ വളവ് തിരിയുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് വിവരം.















